
കോട്ടയം: പാലായിൽ നിഷ ജോസ് കെ മാണി സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം തള്ളി പി ജെ ജോസഫ്. യുഡിഎഫ് യോഗം ഇന്ന് ചേരാനിരിക്കെ സ്ഥാനാർത്ഥിയെ ജോസഫ് തന്നെ തീരുമാനിക്കുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നത്. ഇടതുമുന്നണി സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ വരാനാണ് സാധ്യത.
പാലാ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളാ കോൺഗ്രസിലെ തർക്കം അതിരൂക്ഷമായി. മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് ജോസ് കെ മാണി പക്ഷത്തിന്‍റെ നീക്കം. എന്നാൽ അത്തരം വാർത്തകൾ തള്ളിയ പി ജെ ജോസഫ് തീരുമാനമെടുക്കുന്നത് താനായിരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇരുപക്ഷവും കടുത്ത നിലപാട് സ്വീകരിച്ചതോടെ യുഡിഎഫ് നേതൃത്വം ആശങ്കയിലാണ്. പരസ്‍പരം പോരടിച്ച് സിറ്റിംഗ് സീറ്റ് കളഞ്ഞുകുളിക്കരുതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അടക്കം യുഡിഎഫ് ജോസ് പക്ഷത്തിന് അനുകൂല നിലപാട് സ്വീകരിച്ചതിൽ പി ജെ ജോസഫ് പക്ഷത്തിന് അമർഷമുണ്ട്.
ഇരുപക്ഷവും സീറ്റിന് അവകാശവാദം ഉന്നയിക്കുമ്പോള്‍ സമവായ ഫോർമുല എന്താകണമെന്ന പ്രശ്നം യുഡിഎഫിലും വലുതാവുകയാണ്. മറുവശത്ത് പാലാ സീറ്റ് സിപിഎം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി തള്ളി. കഴിഞ്ഞ തവണ മാണിയോട് 4703 വോട്ടിന് പോരാടി തോറ്റ മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത. സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബിജെപിയും ചർച്ച തുടങ്ങി. ജില്ലാ പ്രസിഡന്‍റ് എൻ ഹരിയുടെ പേര് സജീവ പരിഗണനയിലുണ്ട്. അതേസമയം എൻഡിഎ ആവശ്യപ്പെട്ടാൽ മത്സരിക്കാമെന്ന് പി സി തോമസും വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam