ആസാദിന്‍റെ രാജി,'പിന്നില്‍ മോദിയെന്ന് കരുതുന്നില്ല', തിരിച്ചടിക്കെല്ലാം ഉത്തരവാദി രാഹുലല്ലെന്ന് പി ജെ കുര്യന്‍

By Web TeamFirst Published Aug 26, 2022, 9:09 PM IST
Highlights

ആസാദിന്‍റെ രാജിക്ക് പിന്നില്‍ മോദി ആണെന്ന് കരുതുന്നില്ല.കോണ്‍ഗ്രസെന്നൊല്‍ ഒരു വ്യക്തിയല്ല, ആശയമാണെന്നും കുര്യന്‍ പറഞ്ഞു

ദില്ലി: ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനോട് യോജിക്കുന്നില്ലെന്ന് പി ജെ കുര്യന്‍. ഉന്നയിച്ച പരാതികളില്‍ പലതിലും യാഥാര്‍ത്ഥ്യമുണ്ട്. എന്നാല്‍ പാര്‍ട്ടി വിടാതെ പാര്‍ട്ടിയെ തിരുത്താന്‍ ഗുലാം നബി ആസാദ് ശ്രമിക്കണമായിരുന്നെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ആസാദിന്‍റെ രാജിക്ക് പിന്നില്‍ മോദി ആണെന്ന് കരുതുന്നില്ല.കോണ്‍ഗ്രസെന്നൊല്‍ ഒരു വ്യക്തിയല്ല, ആശയമാണെന്നും കുര്യന്‍ പറഞ്ഞു. 

കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന് കാരണം രാഹുല്‍ ഗാന്ധിയല്ല. രാഹുല്‍ വന്നിട്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടായില്ലെന്നത് സമ്മതിക്കാം. എന്നാല്‍ തിരിച്ചടിക്കെല്ലാം ഉത്തരവാദി രാഹുല്‍ എന്നതിനോട് യോജിപ്പില്ല. രാജീവും സോണിയ ഗാന്ധിയും എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ട്. രാഹുലിനെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. മറ്റൊരു പാര്‍ട്ടി രൂപീകരിക്കാന്‍ ജി 23 യോഗത്തില്‍ നിര്‍ദേശമുണ്ടായെന്നും ശശി തരൂരും താനും ആ നിര്‍ദേശത്തെ എതിര്‍ത്തെന്നും കുര്യന്‍ പറഞ്ഞു. 

ഗുലാം നബിയുടെ രാജി രാഹുലിനുള്ള സന്ദേശമോ? ഉടൻ പുതിയ പാർട്ടി രൂപീകരിക്കുമോ?

രാഹുൽ ഗാന്ധിക്കെതിരായ നീക്കമാണ് തന്റെ രാജിയെന്ന ശക്തമായ സന്ദേശം നൽകിയാണ് ഗുലാം നബി ആസാദ് കോൺഗ്രസ് വിടുന്നത്. ജമ്മു കശ്മീരിലെ തെര‌‌ഞ്ഞെടുപ്പിൽ ഗുലാം നബി ആസാദ് പുതിയ പാർട്ടി രൂപീകരിച്ച് മത്സരിക്കാനാണ് സാധ്യത. കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പ് നടപടികൾക്ക് പ്രഹരമേൽപ്പിച്ചു കൂടിയാണ് ആസാദ് പാർട്ടി വിടുന്നത്.

ഗുലാം നബി ആസാദ് കോൺഗ്രസുമായി തെറ്റിയിട്ട് ഏറെ നാളായി. അതിനാൽ ആസാദിന്റെ രാജി തീരെ അപ്രതീക്ഷിതമല്ല. എന്നാൽ രാജിക്കത്തിൽ ഗുലാം നബി ഉന്നയിക്കുന്ന വിഷയങ്ങൾ ചെന്നു തറയ്ക്കുന്നത് രാഹുലിലാണ്. രാഹുൽ ഗാന്ധിയെ ലക്ഷ്യം വയ്ക്കുന്ന വാക്കുകളാണ്  ഗുലാം നബി ആസാദിന്റെ കത്തിലുള്ളത്. രാഹുൽ ഗാന്ധി ഉപാധ്യക്ഷനായ ശേഷമാണ് പാർട്ടിയിലെ സാഹചര്യം മാറിയത് എന്ന് കത്തിൽ പറയുന്നു. യുപിഎ കാലത്ത് കേന്ദ്ര സർക്കാർ പാസാക്കിയ ഓർഡിൻസ് രാഹുൽ പരസ്യമായി കീറി. പക്വതയില്ലാത്ത ഇത്തരം നീക്കങ്ങൾ പാർട്ടിയുടെ തോൽവിക്ക് ഇടയാക്കി. രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം രാജി വച്ചത് മുതിർന്ന നേതാക്കളെ അപമാനിച്ച ശേഷമാണ്. സോണിയ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് വന്നെങ്കിലും രാഹുൽ ഗാന്ധിയുടെ റിമോർട്ട് കൺട്രോൾ ഭരണം തുടരുന്നു. കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് പ്രഹസനമാണ്. എഐസിസി എല്ലാ സ്ഥാനങ്ങളിലേക്കും സ്വന്തക്കാരെ നിയമിക്കുന്നു എന്നെല്ലാം ഗുലാം നബി ആസാദ് പറയുന്നത് പാർട്ടിയിലെ കൂടുതൽ നേതാക്കൾക്കുള്ള സന്ദേശമാണ്. ജമ്മു കശ്മീരിൽ ആസാദിന്റെ അനുയായികൾ രാജി നൽകി തുടങ്ങി. ദേശീയ തലത്തിൽ പാർട്ടിയിൽ വൻ പിളർപ്പിന് ആസാദിന്റെ രാജി ഇടയാക്കാൻ സാധ്യതയില്ല. എന്നാൽ 'ഭാരത് ജോഡോ യാത്ര'യ്ക്കും പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനും ഒരുങ്ങുന്ന കോൺഗ്രസിന് ഗുലാം നബി ആസാദ് എഴുതിയ അഞ്ചു പേജുള്ള കത്ത് കനത്ത പ്രഹരമാണ്. രാഹുൽ ഗാന്ധിയുടെ ചുറ്റിനുമുള്ള സംഘത്തിന് കൂടുതൽ അധികാരം മറ്റുള്ളവർക്ക് വിട്ടു കൊടുക്കേണ്ടതായ സാഹചര്യവും വരും.

അതേസമയം ആസാദിന്റെ സഹായം കശ്മീരിൽ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. ഗുലാം നബി ആസാദിന്റെ യാത്രയയപ്പിൽ നരേന്ദ്ര മോദി വിതുമ്പിയത് ഒന്നും കാണാതെയല്ല. ആസാദിനും രാഹുൽ ഗാന്ധിക്കും ഇടയിലെ ഭിന്നത മനസ്സിലാക്കിയ ശേഷമാണ് പ്രധാനമന്ത്രി അന്ന് ആസാദിനെ പുകഴ്ത്തിയത്. ആസാദിനെ കൂടെ നിർത്താനുള്ള നീക്കം അതിനു ശേഷം ബിജെപി തുടങ്ങിയിരുന്നു. ആ കൂട്ടുകെട്ടിനുള്ള സാധ്യത ഇനിയും തള്ളാനാകില്ല. 

 

click me!