
കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ 'പി ജെ' എന്ന പേരിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്ന അനഭിലഷണീയമായ ചര്‍ച്ചകള്‍ക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്‍ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രത്യക്ഷപ്പെട്ട 'പി ജെ' എന്ന് പേരുള്ള പല ഗ്രൂപ്പുകളിലും ഇപ്പോള്‍ സിപിഎമ്മിന്‍റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നുവെന്ന് പറഞ്ഞ ജയരാജന്‍ അത്തരം ഗ്രൂപ്പുകള്‍ അതിന്‍റെ പേരില്‍ മാറ്റം വരുത്തണമെന്നും ആവശ്യപ്പെട്ടു. സിപിഎം അനുകൂലമെന്ന് പറയുന്ന പല ഗ്രൂപ്പുകളിലും നടക്കുന്ന ചര്‍ച്ചകള്‍ ആശാസ്യമല്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ ലൈംഗിക പീഡന പരാതി ഉയര്‍ത്തിയാണ് സിപിഎം അനുകൂല ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ജയരാജന്‍റെ മക്കള്‍ കല്ല് ചുമക്കുകയും ഹോട്ടലില്‍ പണിയെടുക്കുകയും ചെയ്യുമ്പോഴാണ് കോടിയേരിയുടെ മക്കള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങളില്‍ അകപ്പെടുന്നതെന്നും സിപിഎം അനുകൂലമെന്ന് പറയുന്ന പല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 'എന്‍റെ ഒരു മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്, ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു' എന്നും ജയരാജന്‍ കുറിച്ചിട്ടുണ്ട്.
ജയരാജന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ്. എന്നാല്‍ ഈ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ "പിജെ" എന്നത് ചേര്‍ത്ത് കാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നു. അത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷത്തെ സഹായിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മേല്‍പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഐ(എം) ന്‍റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല. അതിനാല്‍ "പിജെ" എന്നത് എന്‍റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്‍റെ പേരില്‍ മാറ്റം വരുത്തണം.
സിപിഐ(എം) മെംബര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. പാര്‍ട്ടിയെ സ്നേഹിക്കുന്ന അനുഭാവികളും എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. സിപിഐ(എം) അനുകൂല പ്രചരണം നടത്തുന്ന ഫെയ്സ്ബുക്ക് പേജുകളില്‍ ചിലത് ചില ഘട്ടങ്ങളില്‍ പാര്‍ട്ടിവിരുദ്ധ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതായി കാണുന്നുണ്ട്. ഇതും തിരുത്തണം.
ഏത് വിഷയവും പാര്‍ട്ടിയെ അടിക്കാനുള്ള ആയുധമായാണ് എതിരാളികള്‍ പ്രയോജനപ്പെടുത്തുന്നത്. കോണ്‍ഗ്രസ്സിന്‍റെ സമുന്നതരായ നേതാക്കള്‍ സ്ത്രീപീഡന - അഴിമതി കേസുകളില്‍ പ്രതികളായിട്ടും ഉന്നത നേതാക്കളായി തന്നെ തുടരുകയാണ്. ഇത് ബിജെപിക്കും ബാധകമാണ്. അവരുടെ പേരുകള്‍ നാട്ടിലാകെ ജനങ്ങള്‍ക്കറിയാം. ഇത്തരം വിഷയങ്ങളില്‍ സാധാരണ മെമ്പര്‍ക്കെതിരെ പോലും ആരോപണം ഉയര്‍ന്നാല്‍ അന്വേഷിച്ച് നടപടിയെടുക്കുന്ന പാര്‍ട്ടിയാണ് സിപിഐ(എം). എന്നാല്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത വിഷയങ്ങൾ പോലും പാര്‍ട്ടിയുടെ ചുമലില്‍ ഇടാനാണ് വലതുപക്ഷ മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും പരിശ്രമിക്കുന്നത്.
മക്കള്‍ ചെയ്ത കുറ്റത്തിന്‍റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്‍റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണ്.
മാത്രമല്ല നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായി എന്‍റെ ഒരു മകന്‍ ഏതോ ഒരവസരത്തില്‍ കല്ലു ചുമന്നതും മറ്റൊരു മകന്‍ ഹോട്ടല്‍ ജോലി ചെയ്യുന്നതും അവരുടെ സുഹത്തുക്കള്‍ തമാശയായി ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്തത് ഉപയോഗപ്പെടുത്തിക്കൊണ്ട് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടുകളിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. ഇതെല്ലാം എല്ലാവരും സദുദ്ദേശത്തോടെയല്ല ചെയ്യുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു.
കോണ്‍ഗ്രസ്സ്-ബിജെപി-മുസ്ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ് സിപിഐ(എം).വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടിയുടെ മുഖമുദ്രയാണ്.അതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജീവസ്സുറ്റതാക്കുന്നത്. ഇങ്ങനെ പാര്‍ട്ടിക്കകത്തുള്ള തെറ്റുതിരുത്തല്‍ നടപടികളിലൂടെ മുന്നോട്ട് പോകുന്ന സിപിഐ(എം) ജനങ്ങള്‍ക്ക് മുന്നില്‍ മാതൃകയായ പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ വേറിട്ട അസ്തിത്വം നിലനില്‍ക്കേണ്ടത് സമൂഹത്തിനാകെ ആവശ്യമാണ്. ഇന്നത്തെ ഇരുണ്ട കാലത്തെ വെളിച്ചമാണ് സിപിഐ(എം). ഈ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് പകരം ദുര്‍ബ്ബലപ്പെടുത്തുന്നതിനും തെറ്റിധാരണ സൃഷ്ടിക്കുന്നതിനും സഹായകരമായ ഒരു നിലപാടും പാര്‍ട്ടി മെംബര്‍മാരും പാര്‍ട്ടി ബന്ധുക്കളും സ്വീകരിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam