P.Jayarajan : ഇക്കുറിയും സെക്രട്ടേറിയറ്റിൽ ഇല്ല, എന്താവും പി.ജയരാജൻ്റെ രാഷ്ട്രീയ ഭാവി

Published : Mar 04, 2022, 04:13 PM ISTUpdated : Mar 04, 2022, 06:43 PM IST
P.Jayarajan : ഇക്കുറിയും സെക്രട്ടേറിയറ്റിൽ ഇല്ല, എന്താവും പി.ജയരാജൻ്റെ രാഷ്ട്രീയ ഭാവി

Synopsis

പിണറായി വിജയൻ ചരിത്രം കുറിച്ച് രണ്ടാമതും അധികാരത്തിലെത്തിയപ്പോൾ ജയരാജന് കിട്ടിയത് ചെറിയാൻ ഫിലിപ്പുപോലും വലിച്ചെറിഞ്ഞു പോയ ഖാദി ബോർഡിലെ കസേരയാണ്.

കണ്ണൂ‍‍ർ: പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ സീനിയോറിറ്റി ഉണ്ടായിട്ടും ഇത്തവണയും സെക്രട്ടറിയേറ്റിൽ  ഉൾപ്പെടുത്താതെ തഴഞ്ഞതോടെ പി.ജയരാജൻ്റെ രാഷ്ട്രീയ ഭാവി  ചോദ്യചിഹ്നമാവുകയാണ്. സംസ്ഥാന നേതൃത്വത്തിൽ നിന്ന് അകന്നതും അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു  എന്ന ആരോപണവുമാണ് ജയരാജന് തിരിച്ചടിയായത്. വ്യക്തിപൂജയുടെ പേരിൽ നടപടി എടുത്തപ്പോഴും തിരഞ്ഞെടുപ്പ് രംഗത്തു നിന്നും മാറ്റിനിർത്തിയപ്പോഴും പാർട്ടിക്ക് വിധേയനായി നിന്ന പി.ജെയുടെ ഇനിയുള്ള നീക്കം രാഷ്ട്രീയകേരളം ഉറ്റു നോക്കുകയാണ്. 

23 കൊല്ലം മുൻപ് തിരുവോണ നാളിൽ ആർഎസ്എസുകാരാൽ വെട്ടി നുറുക്കപ്പെട്ട ജയരാജൻ മടങ്ങി വന്നത് അത്ഭുതമായിരുന്നു. ഒരു കസേര കൊണ്ട് വടിവാളിന്റെ മിന്നൽവേഗത്തെ തടുത്ത കിഴക്കേ കതിരൂരുകാരനായ ജയരാജന്റെ മനോധൈര്യം വടക്കൻ പാട്ടിലെ ചേകവൻമാരുടേതെന്ന് അണികൾ ഏറ്റുപാടി. പിന്നീടങ്ങോട്ട് എതിരാളികളുടെ നെഞ്ചിൽ ഭയാശങ്കയും പാർട്ടിക്കാരിൽ ആവേശവും കോരിയിട്ട് അയാൾ കണ്ണൂരിന്റെ രാഷ്ട്രീയത്തിൽ അനിഷേധ്യനായി. 1998-ൽ സംസ്ഥാന കമ്മിറ്റിയിൽ.  മൂന്ന് തവണ എംഎൽഎ.... 2010 മുതൽ ഒൻപത് കൊല്ലം കണ്ണൂരിലെ പാർട്ടിയെ നയിച്ച ജയരാജൻ അക്രമ രാഷ്ട്രീയത്തിന്റ പേരിലാണ് പഴി കേട്ടതത്രയും. 

2012 ൽ തന്റെ വാഹനത്തിന് കല്ലെറിഞ്ഞതിന് അരിയിൽ ഷുക്കൂറെന്ന ലീഗ് പ്രവർത്തകനെ  കൊലപ്പെടുത്തിയെന്ന കേസിലും തന്നെ വധിക്കാൻ ശ്രമിച്ച  ആർഎസ്എസ് പ്രവർത്തകൻ കതിരൂർ മനോജിനെ പ്രതികാരക്കൊല ചെയ്തെന്ന കേസിൽ സിബിഐ ജയരാജനെ അറസ്റ്റ് ചെയ്തപ്പോൾ പി.ജയരാജൻ എന്ന ഒറ്റപ്പേരിൽ കണ്ണൂർ കലങ്ങിമറിഞ്ഞു. 

വിഭാഗീയത കൊടികുത്തി വാണ അന്നത്തെ പാർട്ടിയിൽ വിഎസ് അനുകൂലികളെ വെട്ടിനിരത്താൻ പിണറായിയുടെ പിന്നിൽ കണ്ണൂർ ലോബിയുടെ കുന്തമുനയായിരുന്നു പിജെ. ബിംബം ചുമക്കുന്ന കഴുതയെന്ന് വരെ വിഎസിനെ ഒരു കാലത്ത് പി.ജയരാജൻ ആക്ഷേപിച്ചു. 2016-ൽ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ ജയരാജൻ പിണറായിയിൽ നിന്നും അകന്നു. പിജെയെ മത്സരിപ്പിക്കാത്തതിലും മന്ത്രിയാക്കാത്തതിലും അനുകൂലികൾ ഒച്ചപ്പാടുണ്ടാക്കി.  

സ്വത്ത് വാരിക്കൂട്ടിയില്ല, അടിയുറച്ച കമ്യൂണിസ്റ്റ് ജീവിതം. ആർഎസ്എസിനെ പ്രതിരോധിക്കുന്നതിന് മുന്നിൽ.  അണികൾക്ക് നാൾക്കുനാൾ മുറിവേറ്റ ജയരാജനോട് പ്രിയം ഏറിവന്നു. കോടിയേരി, എം വി ഗോവിന്ദൻ, ഇ.പി ജയരാജൻ, എന്നിവരൊക്കെ പിജെ പ്രഭാവത്തിൽ പാർട്ടി വേദികളിൽ നിറം മങ്ങി. മതേതര ശ്രീകൃഷ്ണ ജയന്തി നടത്തിയും ഒകെ വാസു ഉൾപെടെ ഒരുപറ്റം ബിജെപിക്കാരെ അടർത്തി സിപിഎമ്മിൽ ചേർത്തും പി ജെ രാഷ്ട്രീയ പരീക്ഷണങ്ങൾ കണ്ണൂരിൽ തുടർന്നു. പി ജയരാജനെ പ്രകീർത്തിച്ച് നൃത്ത ശിൽപവും സംഗീത ആൽബവും ഇറങ്ങി. എന്നാൽ അതോടെ ജയരാജനെ സംശയത്തോടെ വീക്ഷിച്ച പാർട്ടി നേതൃത്വം തിരിച്ചടിച്ചു.പാർട്ടിക്ക് മുകളിൽ വളർന്ന പൊന്നുകായ്ക്കും മരത്തെ 2018ലെ തൃശ്ശൂർ സംസ്ഥാന സമ്മേളനത്തിൽ വെട്ടി നിരത്തി. വ്യക്തപൂജയിൽ പരസ്യ ശാസനയും  കീഴ്ഘടകങ്ങളിൽ റിപ്പോർട്ടിംഗും.

2019 ൽ  ജയസാധ്യത കുറഞ്ഞ വടകര ലോക്സഭാ സീറ്റിൽ മത്സരിപ്പിച്ച് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും വെട്ടി. സൈബറിടത്ത് ജയരാജന്റെ നാവായ പിജെ ആർമിയെ പാർട്ടി റെഡ് ആർമിയാക്കി വരുതിയിലാക്കി.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗ്യാലറിയിൽ ഇരുത്തിച്ചു. പിണറായി ചരിത്രം കുറിച്ച് രണ്ടാമതും അധികാരത്തിലെത്തി. ജയരാജന് കിട്ടിയത് ചെറിയാൻ ഫിലിപ്പുപോലും വലിച്ചെറിഞ്ഞ ഖാദി ബോർഡിലെ വൈസ് ചെയർമാൻ കസേര്.

അപ്പോഴൊക്കെയും പാർട്ടിക്കെതിരെ ഒരുവാക്ക് ഉരിയാടാതെ അച്ചടക്കമുള്ള കേഡറായി പി.ജയരാജൻ. പാർട്ടിയിലെ സീനിയോരിറ്റിയും പ്രവർത്തന രംഗത്തെ മികവും കൊണ്ട് ഇത്തവണ സെക്രട്ടറിയേറ്റിൽ പി.ജെ ഉണ്ടാകുമെന്ന് വലിയൊരു വിഭാഗം പാർട്ടിക്കാരും പ്രതീക്ഷിച്ചിരുന്നത്. തുടർച്ചയായുള്ള ഈ തഴയലിൽ അണികൾ നിരാശരാകുമെങ്കിലും പി.ജെയ്ക്ക് വേണ്ടി സംസാരിക്കാൻ കണ്ണൂരിൽ പോലും ഇന്ന് നേതാക്കളില്ല. വ്യക്തിപൂജയിൽ പി.ജയരാജനെതിരെ വടിയെടുത്ത പാർട്ടി പിണറായിയെ പ്രകീർത്തിച്ചുള്ള പ്രസംഗങ്ങളോടും തിരുവാതിരയോടും കാണിക്കുന്ന മൃദു സമീപനവും  മാറ്റത്തിന്റെ അടയാളമാണ്.

PREV
Read more Articles on
click me!

Recommended Stories

കശുവണ്ടി വികസന കോർപറേഷൻ അഴിമതി: മറുപടി നൽകാൻ ഈ മാസം 17 വരെ സമയം വേണമെന്ന് സർക്കാർ
കോട്ടയത്തെ കിടിലൻ 'ഹാങ്ഔട്ട് സ്പോട്ട്' പക്ഷേ പോസ്റ്റ് ഓഫീസ് ആണ് ! കേരളത്തിലെ ആദ്യ ജെൻസി പോസ്റ്റ് ഓഫീസ് വിശേഷങ്ങൾ