
തിരുവനന്തപുരം : മിത്ത് വിവാദത്തിൽ സുകുമാരൻ നായരെ പരിഹസിച്ച് പി ജയരാജൻ. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ് പി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിൽ പറഞ്ഞു.
'സങ്കൽപ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരൻ നായർ കഴിഞ്ഞ ദിവസം സ്പീക്കർ ഷംസീറിനെ വല്ലാത്ത രീതിയിൽ ചിത്രീകരിച്ചുകൊണ്ടും എ കെ ബാലനെ ഇകഴ്ത്തിയും പ്രയോഗം നടത്തി. വിശ്വാസമാണ് ശാസ്ത്രത്തേക്കാൾ വലുതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ആ സമയത്ത് സുകുമാരൻ നായരുടെ മുഖമാണ് ശ്രദ്ധിച്ചത്. സുകുമാരൻ നായറുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ ഒരു കണ്ണട ധരിച്ചിട്ടുണ്ട്. അത് ശാസ്ത്രമാണ്. ശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമാണത്. സുകുമാരൻ നായർ മൈക്കിൽ പ്രസംഗിക്കുന്നു. മൈക്ക് ശാസ്ത്രപുരോഗതിയുടെ ഭാഗമാണ്. ഗണപതി പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണത്തിൽ പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കിൽ വിശ്വാസത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത് മോദിയാണെന്നും പി ജയരാജൻ പറഞ്ഞു.
അതേ സമയം, യുവമോർച്ചക്കെതിരെ താൻ നടത്തിയ മോർച്ചറി പരാമർശം കലാപാഹ്വാനമല്ലെന്നും പി ജയരാജൻ വിശദീകരിച്ചു. യുവമോർച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്നാണ് ജയരാജന്റെ വിശദീകരണം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മതമാണ് ആർഎസ്എസ് വിമർശനത്തിന്റെ അടിസ്ഥാനം. ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ തന്നെ ചുമതലയാണെന്നും ജയരാജൻ പറഞ്ഞു.
'വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരൻ നായരുടെ കുങ്കുമപ്പൊട്ടിന്റെ താഴെ കണ്ണട'