ഇത് മദ്യം വ്യാപിപ്പിക്കാനുള്ള തീരുമാനം; ഖേദകരമെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published May 15, 2020, 5:33 PM IST
Highlights

മത വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളും അവരവരുടെ ആരാധനാലയങ്ങളിൽ പോലും പോകാതെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാവുകയാണ്. 

മലപ്പുറം: മദ്യം വ്യാപിപ്പിക്കാനുള്ള തീരുമാനം അങ്ങേയറ്റം ഖേദകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. മത വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളും അവരവരുടെ ആരാധനാലയങ്ങളിൽ പോലും പോകാതെ കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമാവുകയാണ്. അവരുടെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് സർക്കാരിന്‍റേത്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് മാത്രം പ്രതിഷേധിക്കുന്നില്ലെന്നും എംപി പറഞ്ഞു. 

ബാറുകളിൽ നിന്നും മദ്യം പാഴ്സലായി വിൽക്കാനുള്ള തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ബാറുകളുടെ കൗണ്ടറുകൾ വഴി മദ്യം പാര്‍സലായി വിൽക്കാൻ അനുമതി നൽകുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദുരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നായിരുന്നു ഉമ്മൻചാണ്ടി പറഞ്ഞത്. 

പൊതുമേഖലയിലെ മദ്യവിൽപ്പനയെ അട്ടിമറിക്കുന്നതാണ് സര്‍ക്കാർ നയം. ബവ്കോയുടെ വിൽപ്പന പത്ത് ശതമാനമായി കുറയുമെന്നും അതുകൊണ്ട് തീരുമാനം സര്‍ക്കാര്‍ അടിയന്തരമായി പിൻവലിക്കണമെന്നും ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് സര്‍ക്കാര്‍ സ്വകാര്യ ബാറുടമകളെ സഹായിക്കുന്ന ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.  
 

click me!