കൂരിയാട് പാലം വേണം, അതാണ് ഏക പോംവഴി; ദേശീയപാതയിലെ തകർച്ചയിൽ സർക്കാരിനെ കുറ്റപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടി

Published : May 23, 2025, 03:26 PM IST
കൂരിയാട് പാലം വേണം, അതാണ് ഏക പോംവഴി; ദേശീയപാതയിലെ തകർച്ചയിൽ സർക്കാരിനെ കുറ്റപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടി

Synopsis

കൂരിയാട് പാലം വേണമെന്നും അതാണ് ഏക പോംവഴിയെന്നും പി കെ കുഞ്ഞാലിക്കുട്ടി. പാരിസ്ഥിതിക പഠനം ഇല്ലാതെയാണ് റോഡ് നിര്‍മാണം നടത്തിയതെന്നും എംഎല്‍എ കുറ്റപ്പെടുത്തി.

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ കേരള സര്‍ക്കാരിനെ കുറ്റപ്പെടുത്തി പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. വയലില്‍ ഒരു വലിയ മൺതിട്ട കെട്ടി പൊക്കിയിരിക്കുകയാണ്. നിര്‍മിതിയിലെ ആശങ്ക നേരത്തെ അറിയിച്ചതാണ്. പാരിസ്ഥിതിക പഠനം ഇല്ലാതെയാണ് റോഡ് നിര്‍മാണം നടത്തിയതെന്നും എംഎല്‍എ കുറ്റപ്പെടുത്തി. കൂരിയാട് പാലം വേണമെന്നും അതാണ് ഏക പോംവഴിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഇപ്പോള്‍ സംഭവിച്ച അപകടത്തിന്‍റെ ഉത്തരവാദിത്വം കേരള സര്‍ക്കാരിന് തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവത്തോണ്‍ പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ ദിവസമാണ് കൂരിയാട് സർവീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഒരുഭാഗം സർവീസ് റോഡിലേക്ക് ഇടിഞ്ഞുവീണത്. 50 അടി ഉയരത്തിലുള്ള ദേശീയ പാതയാണ് ഇടിഞ്ഞ് വീണത്. സർവീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറിന് മുകളിലേക്കാണ് ആറുവരിപ്പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. റോഡ് ഇടിഞ്ഞ് വീണ് മൂന്ന് കാറുകളാണ് അപകടത്തിൽ പെട്ടത്. രണ്ട് വാഹനങ്ങളുടെ മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. ഈ കാറിലെ യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മണ്ണും കോൺഗ്രീറ്റ് കട്ടയും വന്ന വീണ് സർവ്വീസ് റോഡിൽ വലിയ വിള്ളലുകളുണ്ടായി. സർവ്വീസ് റോഡ് പൂർണ്ണമായും ഇടിഞ്ഞ് താഴുകയും ചെയ്തു. അപകടത്തിൻ്റെ ആഘാതത്തിൽ റോഡിനോട് ചേർന്നുള്ള വയലിലും വിള്ളലുകൾ രൂപപ്പെട്ടു.

വീഴ്ച സമ്മതിച്ച് നിര്‍മാണ കമ്പനി

നിര്‍മാണത്തിനിടെയുണ്ടായ തകര്‍ച്ചയിൽ വീഴ്ച സമ്മതിച്ച് നിര്‍മാണ കമ്പനിയായ കെഎൻആര്‍സി. കൂരിയാട് ദേശീയപാത ഡിസൈനിൽ പാളിച്ച വന്നെന്ന് കെഎൻആര്‍ കണ്‍സ്ട്രക്ഷൻസ് അധികൃതര്‍ സമ്മതിച്ചു. വേനൽക്കാലത്താണ് ഈ റോഡിന്‍റെ ഫൗണ്ടേഷൻ പണികൾ നടന്നതെന്നും ആര്‍ഇ വാൾ തകർന്ന് വീണ 250 മീറ്റർ ഭാഗത്ത് ഡിസൈൻ പാളിച്ച വന്നിട്ടുണ്ടെന്നും കെഎൻആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജലന്ധര്‍ റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രണ്ടു വയസ്സുള്ള കുഞ്ഞിൻ്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്; കുഞ്ഞിനെ അമ്മയും മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി കണ്ടെത്തി
തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ വിൽപനക്ക് വച്ചവരും പണം നൽകി കണ്ടവരും കുടുങ്ങും, ഐപി അഡ്രസുകൾ കിട്ടി