പി കെ ശശിയെ സിപിഎം തിരിച്ചെടുത്തു; ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിച്ചു

By Web TeamFirst Published Sep 12, 2019, 9:17 PM IST
Highlights

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യതത്

പാലക്കാട്: ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്പെൻഡ് ചെയ്ത ഷൊർണ്ണൂർ എംഎൽഎ പി കെ ശശിയെ സിപിഎം തിരിച്ചെടുത്തു. ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനമായി. ശശിയെ തിരിച്ചെടുക്കണമെന്ന ജില്ലാ കമ്മിറ്റി നിർദ്ദേശം സംസ്ഥാന സമിതി അംഗീകരിക്കുകയായിരുന്നു.

ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്നാണ് പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യതത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന പാലക്കാട് ജില്ലാ കമ്മിറ്റി യോഗമാണ് പി കെ ശശിയെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവച്ചത്. സസ്പെൻഷൻ കാലയളവിൽ ശശി നല്ല പ്രവർത്തനം കാഴ്ചവച്ചെന്നായിരുന്നു ‍ഭൂരിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളും പറഞ്ഞത്.

നവംബർ 26നാണ് ഷൊർണൂർ എംഎൽഎയും ജില്ലാ സെക്രട്ടറിയേറ്റംഗവുമായ പി കെ ശശിയെ സിപിഎം സസ്പെൻഡ് ചെയ്തത്. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ യുവതി നല്‍കിയ പരാതി അന്വേഷിച്ച കേന്ദ്ര കമ്മറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി എന്നിവരുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമ്മീഷന്‍റെ ശുപാര്‍ശ.

ശശിക്കെതിരെയുള്ള നടപടി സിപിഎം ജില്ലാ നേതാക്കൾക്കിടയിൽ കടുത്ത ഭിന്നത സൃഷ്ടിച്ചിരുന്നു. എംബി രാജേഷിന്‍റെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോൽവിയ്ക്ക് പിന്നിൽ ശശിയുടെ ഇടപെടലാണെന്നടക്കം ആരോപണം ഉയർന്നിരുന്നു. 
 

click me!