'ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണം': വിമര്‍ശനവുമായി മന്ത്രി രാജീവ്

Published : Apr 16, 2024, 03:47 PM ISTUpdated : Apr 16, 2024, 03:52 PM IST
'ശൈലജക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണം': വിമര്‍ശനവുമായി മന്ത്രി രാജീവ്

Synopsis

പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതെന്ന് മന്ത്രി.

തിരുവനന്തപുരം: കെകെ ശൈലജയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി രാജീവ്. പുരോഗമന സമൂഹത്തിന് നിരക്കാത്ത ഇത്തരം ചെയ്തികളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണങ്ങള്‍ അണികള്‍ അഴിച്ചുവിടുന്നതെന്ന് മന്ത്രി രാജീവ് പറഞ്ഞു. ശൈലജയെ മനുഷ്യയുക്തിക്ക് ഒട്ടും നിരയ്ക്കാത്ത മോശം വാക്കുകള്‍ കൊണ്ടും സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനെ അതിശക്തമായി അപലപിക്കുന്നു. വിഷയത്തില്‍ കേരളത്തിലെ മുഴുവനാളുകളും ടീച്ചര്‍ക്കൊപ്പം നിലകൊള്ളുമെന്നും കോണ്‍ഗ്രസിന്റെ സൈബര്‍ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തുമെന്നും മന്ത്രി രാജീവ് പറഞ്ഞു. 

മന്ത്രി പി രാജീവിന്റെ കുറിപ്പ്: ''കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അശ്ലീല സൈബര്‍ ആക്രമണത്തെ അതിശക്തമായി അപലപിക്കുന്നു. ലോകത്തിനാകെ മാതൃകയായെന്ന് ഐക്യരാഷ്ട്രസഭയടക്കം വിശേഷിപ്പിച്ചിട്ടുള്ള 'കേരളത്തിന്റെ കോവിഡ് മാനേജ്‌മെന്റ്' കാലത്ത് നമ്മുടെ ആരോഗ്യമന്ത്രിയായിരുന്നു കെ കെ ശൈലജ ടീച്ചര്‍. നിപ പോലെ ഏറെ ആപത്ത് വരുത്തുമായിരുന്ന വിപത്ത് കേരളം പ്രാരംഭ ഘട്ടത്തില്‍ തടഞ്ഞുനിര്‍ത്തുമ്പോഴും ആരോഗ്യമന്ത്രി സ. ശൈലജ ടീച്ചറായിരുന്നു. കോവിഡ് മരണം നിയന്ത്രിക്കുന്നതില്‍ രാജ്യം വലിയ പരാജയമായിരുന്നപ്പോള്‍ പോലും കേരള മോഡല്‍ കോവിഡ് മാനേജ്‌മെന്റ് ലോകശ്രദ്ധയാകര്‍ഷിച്ചു. രാജ്യാന്തര തലത്തില്‍ കേരള മാതൃക കോവിഡ് നിയന്ത്രിക്കാന്‍ സഹായകമാണെന്ന് വിലയിരുത്തപ്പെട്ടു.'' 

''ആരോഗ്യരംഗം വലിയ മുന്നേറ്റം കാഴ്ച വച്ച ഈ കാലഘട്ടത്തില്‍ തന്നെയാണ് ആര്‍ദ്രം പദ്ധതിയും ഹൃദ്യം പദ്ധതിയുമെല്ലാം നടപ്പിലാക്കപ്പെടുന്നത് ശൈലജ ടീച്ചര്‍ക്ക് കീഴില്‍ സമാനതകളില്ലാത്ത മുന്നേറ്റം ആരോഗ്യരംഗത്ത് കേരളം കാഴ്ച വച്ചപ്പോള്‍ സ്വന്തം കുടുംബാംഗത്തിനെന്ന പോലെയുള്ള സ്വീകരണങ്ങളാണ് മലയാളികള്‍ ശൈലജ ടീച്ചര്‍ക്കായി ഒരുക്കിവച്ചത്. മട്ടന്നൂരില്‍ നിന്ന് 2021ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ 60,000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷം ആ നാട് നല്‍കിയതും ഇതിന്റെ തുടര്‍ച്ചയാണ്. ആ ശൈലജ ടീച്ചറെ അശ്ലീല പരാമര്‍ശങ്ങള്‍ ഉപയോഗിച്ചുകൊണ്ടും മനുഷ്യയുക്തിക്ക് ഒട്ടും നിരയ്ക്കാത്ത മോശം വാക്കുകള്‍ കൊണ്ടും സമൂഹമാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പലയാവര്‍ത്തിയായി ശൈലജ ടീച്ചര്‍ക്കെതിരെ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ കോണ്‍ഗ്രസ് നടത്തിവരികയാണ്. പുരോഗമന സമൂഹത്തിന് നിരയ്ക്കാത്ത ഇത്തരം ചെയ്തികളില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കാതിരുന്നതിനാലാണ് തുടര്‍ച്ചയായ അശ്ലീല സൈബര്‍ ആക്രമണങ്ങള്‍ അവരുടെ അണികള്‍ അഴിച്ചുവിടുന്നത്. ഇതിനെ അതിശക്തമായി അപലപിക്കുന്നു. ഈ വിഷയത്തില്‍ കേരളത്തിലെ മുഴുവനാളുകളും ടീച്ചര്‍ക്കൊപ്പം നിലകൊള്ളും. കോണ്‍ഗ്രസിന്റെ സൈബര്‍ അശ്ലീലസംഘത്തെ ഒറ്റപ്പെടുത്തും.''

'തനിക്കെതിരെ ഇത്ര വലിയ അപവാദം ഇതാദ്യം'; വാർത്താസമ്മേളനത്തിൽ വികാരാധീനയായി കെകെ ശൈലജ 
 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം