Lokayukta : ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പ്രതിപക്ഷം,മുമ്പ് അനുമതി തേടിയിട്ടില്ലെന്ന് രാജീവ്

By Web TeamFirst Published Jan 27, 2022, 3:02 PM IST
Highlights

ഓർഡിനൻസിനെതിരായ സിപിഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണെന്നും കൂട്ടായ തീരുമാനമാണിതെന്ന് റവന്യൂമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 
 

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ്  (Lokayuktha Act)  രാഷ്ട്രപതിയുടെ അനുമതിക്ക് അയക്കണമെന്ന പ്രതിപക്ഷ വാദം തള്ളി മന്ത്രി പി രാജീവ് (P Rajeev). രാഷ്ട്രപതിയുടെ അനുമതി വേണമെന്ന് പറയുന്നവർ 2013 ന് മുൻപ് ജീവിക്കുന്നവരാണെന്നും രണ്ടായിരത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ രാഷ്ട്രപതിയുടെ അനുമതി വാങ്ങിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ലോകായുക്ത നിയമങ്ങൾ പൂർണമായും സംസ്ഥാനങ്ങളുടെ ചുമതലയാണ്. ഭരണഘടനാ വ്യവസ്ഥകളെ നിയമ വ്യവസ്ഥകൾ കൊണ്ടു മറികടക്കാനാവില്ല. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ എപ്പോള്‍ ഒപ്പിടുമെന്ന് പറയാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഓർഡിനൻസിനെതിരായ സിപിഐ വിമര്‍ശനത്തോടും മന്ത്രി പ്രതികരിച്ചു. മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച ചെയ്തതാണെന്നും കൂട്ടായ തീരുമാനമാണിതെന്ന് റവന്യൂമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. 

ലോകായുക്ത നിയമം ഭേദഗതി ചെയ്തുള്ള ഓ‌ർഡിനൻസിൽ ഒപ്പിടരുതെന്നും രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് ഗവർണറെ കണ്ടു. ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസിനെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രതിപക്ഷം ഗവർണറെ കണ്ടത്. നിയമസഭ പാസ്സാക്കിയ നിയമത്തിൽ ഭേദഗതിക്ക് കോടതിക്ക് മാത്രമേ അധികാരമുള്ളു എന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് നിയമമന്ത്രിയുടെ ന്യായീകരണങ്ങൾ വീണ്ടും തള്ളി. മുഖ്യമന്ത്രിക്കും ആർ ബിന്ദുവിനുമെതിരായ ലോകായുക്തയിലുള്ള കേസുകളാണ് ഓർഡിനൻസിന് പിന്നിലെന്ന ആക്ഷേപമാണ് പ്രതിപക്ഷം ആവർത്തിക്കുന്നത്. ഓർഡിനൻസിസ് ചട്ടവിരുദ്ധവും കോടതി വിധികളുടെ ലംഘനവുമാണെന്ന് വിവിധ കേസുകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. 

വിവാദം ശക്തമാകുമ്പോഴും ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം ഓർഡിനൻസ് ചർച്ച ചെയ്തില്ല. അതിനിടെ സർക്കാർ ഇന്ന് കൊണ്ടുവന്ന ഭേദഗതിയെ 1999 ൽ ഇടത് നേതാക്കൾ എതിർത്തിരുന്നുവെന്ന നിയമസഭാ രേഖകളും പുറത്തായി.99 ൽ നായനാർ സർക്കാരിന്‍റെ കാലത്ത് ആദ്യം നിയമസഭയിൽ അവതരിപ്പിച്ച ലോകായുക്ത നിയമത്തിന്‍റെ കരടിൽ ഇന്ന് സർക്കാർ കൊണ്ടുവന്ന ഭേദഗതിയും ഉണ്ടായിരുന്നു. ലോകായുക്ത ഉത്തരവിനെ ഗവർണര്‍ അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് തിരുത്താമെന്ന വ്യവസ്ഥക്കെതിരെ ജി സുധാകരൻ, ആനത്തലവട്ടം ആനന്ദൻ അടക്കമുള്ള ഇടത് അംഗങ്ങൾ അന്ന് ശക്തമായി എതിർത്തുവെന്നാണ് സഭാ രേഖകളിലുള്ളത്. 

പൊതുപ്രവർത്തകർ കുറ്റം ചെയ്തെന്ന് ലോകായുക്ത പറഞ്ഞാൽ പിന്നെ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നായിരുന്നു ജി സുധാകരന്‍റെ അഭിപ്രായം. സർക്കാരിന് നിരാകരണത്തിന് അവസരം ഉണ്ടായാൽ ലോകായുക്തക്ക് മുകളിലായിരുന്നു സർക്കാർ എന്നും അത് ശരിയല്ലെന്നും ആനത്തലവട്ടം പറഞ്ഞു. ജി കാർത്തികേയൻ അടക്കമുള്ള കോൺഗ്രസ് അംഗങ്ങളും ഭേദഗതിയെ എതിർത്തു. ഒടുവിൽ അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് നിയമമന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരൻ നായർ അംഗങ്ങളുടെ അഭിപ്രായം ഔദ്യോഗിക ഭേദഗതിയായി അവതരിപ്പിച്ച് ലോകായുക്ത ഉത്തരവ് സർക്കാരിന് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കി. 

click me!