പ്രീമിയം ബ്രാന്റിൽ കശുവണ്ടി, മത്സരിക്കാനൊരുങ്ങുന്നത് രണ്ട് രാജ്യങ്ങളോട്; വിദഗ്ദ സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ

Published : Jan 08, 2024, 02:00 PM IST
പ്രീമിയം ബ്രാന്റിൽ കശുവണ്ടി, മത്സരിക്കാനൊരുങ്ങുന്നത് രണ്ട് രാജ്യങ്ങളോട്; വിദഗ്ദ സമിതി റിപ്പോർട്ടിലെ നിർദേശങ്ങൾ

Synopsis

കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകള്‍ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റില്‍ കശുവണ്ടി ഉല്‍പന്നങ്ങള്‍ പുറത്തിറക്കണമെന്നതാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

തിരുവനന്തപുരം: പ്രീമിയം ബ്രാന്റില്‍ കശുവണ്ടി വിപണനം സാധ്യമാക്കണമെന്നതുള്‍പ്പെടെ ഒട്ടേറെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന കശുവണ്ടി വിദഗ്ധ സമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചെന്ന് മന്ത്രി പി രാജീവ്. സംസ്ഥാനത്തെ കശുവണ്ടി വ്യവസായത്തെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റി തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

കൊല്ലം കാഷ്യു, കേരള കാഷ്യൂ തുടങ്ങി ഭൗമ പ്രത്യേകതകള്‍ കൂടി ഉപയോഗപ്പെടുത്തി പ്രീമിയം ബ്രാന്റില്‍ കശുവണ്ടി ഉല്‍പന്നങ്ങള്‍ പുറത്തിറക്കണമെന്നതാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വിയറ്റ്‌നാം, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ കുറഞ്ഞ നിരക്കില്‍ വിപണിയിലെത്തുന്ന കശുവണ്ടി ഉല്‍പന്നങ്ങളോട് മത്സരിക്കാന്‍ ഇതാവശ്യമാണ്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഇതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവിലെ തൊഴിലാളികളെ സംരക്ഷിച്ചു കൊണ്ട് ഘട്ടം ഘട്ടമായുള്ള യന്ത്രവല്‍ക്കരണം ഏര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്‌കരണ പ്രക്രിയയിലെ നഷ്ടം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉല്‍പാദന ക്ഷമത ഉറപ്പാക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. ഐ.ഐ.ടി, എന്‍.ഐ.ടി. ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. സംഭരണ സംവിധാനം മെച്ചപ്പെടുത്തണം. കശുമാവ് കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലേക്കും കൃഷി വ്യാപിപ്പിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. കശുമാവിനെ തോട്ടവിളയായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കാഷ്യൂ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, കാപ്പെക്‌സ് എന്നിവയുടെ ഭരണപരമായ കാര്യക്ഷമത ഉയര്‍ത്താനുള്ള നിര്‍ദ്ദേശങ്ങളും സമിതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രി രാജീവ് അറിയിച്ചു. 

കോഴിക്കോട് ഐഐഎം സ്ട്രാറ്റജിക് മാനേജ്മെന്റ് അസോഷ്യേറ്റ് പ്രഫസര്‍ ഡോ.എസ്. വെങ്കിട്ടരാമന്‍, കേരള കാഷ്യു ബോര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും എംഡിയുമായ എ.അലക്സാണ്ടര്‍, കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്.ജയമോഹന്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവിഷന്‍ മുന്‍ മേധാവി എന്‍.ആര്‍ ജോയി, സെന്റര്‍ ഫോര്‍ സോഷ്യല്‍  ഇക്കണോമിക് ആന്‍ഡ് എന്‍വയണ്‍മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ.എന്‍.അജിത്കുമാര്‍ എന്നിവരാണ് വിദഗ്ധ സമിതിയില്‍ ഉണ്ടായിരുന്നത്.

അകാലത്തില്‍ വിട പറഞ്ഞ് സഹപ്രവര്‍ത്തകന്‍; കുടുംബത്തിന് കൈത്താങ്ങാവാന്‍ 300 ബസുകളുടെ കാരുണ്യ യാത്ര 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വാജിവാഹന കൈമാറ്റം ഹൈക്കോടതിയുടെ അറിവോടെ; പ്രതിരോധത്തിലായി എസ്ഐടി, കോടതിയുടെ അഭിപ്രായത്തിനുശേഷം കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം
ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം, റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും