പ്രധാനമന്ത്രി വിളിച്ചിരുന്നു; പുതിയ ചുമതല സന്തോഷത്തോടെ സ്വീകരിക്കുന്നെന്ന് ശ്രീധരന്‍ പിള്ള

By Web TeamFirst Published Oct 25, 2019, 9:00 PM IST
Highlights

ബിജെപി പ്രസിഡന്‍റെന്ന കാലാവധി കഴിയാനായി. തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ  പുതിയ ചുമതലയെക്കുറിച്ച് പറയാനായി ബന്ധപ്പെട്ടിരുന്നതായും ശ്രീധരന്‍പിള്ള.
 

തിരുവനന്തപുരം: മിസോറാം ഗവര്‍ണറായുള്ള നിയമനം സന്തോഷത്തോടെ സ്വീകരിക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ള. പ്രത്യേക ചുമതലകളുമായി കേരളത്തിന് പുറത്തേക്ക് പോകാന്‍ താല്‍പ്പര്യമുണ്ടോയെന്ന് പ്രധാനമന്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിളിച്ച് ചോദിച്ചിരുന്നു. ബിജെപി പ്രസിഡന്‍റെന്ന കാലാവധി കഴിയാനായി. തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ  പുതിയ ചുമതലയെക്കുറിച്ച് പറയാനായി ബന്ധപ്പെട്ടിരുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു.

ഒന്നരക്കൊല്ലം മാത്രമേ ആയിട്ടുള്ളു സജീവ രാഷ്ട്രീയത്തില്‍ എത്തിയിട്ട്. സജീവ രാഷ്ട്രീയത്തില്‍ ഇല്ലാതെ തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അനുഭവ സമ്പത്ത് ഉണ്ട്. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റെന്ന സ്ഥാനത്ത് നിയോഗിച്ചത്. ഒന്നിലും അമിതമായി ആഹ്ളാദിക്കുകയോ വേദനിക്കുകയോ ചെയ്യുന്ന ആളല്ല. മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വേണം എവിടെയും പോകാനെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്‍റായ ശേഷമുണ്ടായ ഏറ്റവും വലിയ വെല്ലുവിളി ശബരിമലയുമായി ബന്ധപ്പെട്ടതാണ്. എതിരാളികളോട് ജീവിതത്തില്‍ ശത്രുതാപരമായി പെരുമാറിയിട്ടില്ല. കേരളത്തോട് വളരെ സാദൃശ്യമുള്ള കാലാവസ്ഥയും ആളുകളും ഭക്ഷണരീതിയിലുമെല്ലാമാണ് മിസോറാമിലേത്. കുറച്ചുംകൂടി സക്രിയമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീധരന്‍ പിള്ള പറഞ്ഞു. 

രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി അടുത്ത മാസം  തീരാനിരിക്കെ ആണ് അദ്ദേഹത്തെ ഗവര്‍ണറായി നിയമിച്ചിരിക്കുന്നത്. നേരത്തെ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറായി നിയമിച്ചിരുന്നു. മിസോറാമിന്‍റെ ഗവര്‍ണര്‍ പദവിയിലെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള.

click me!