റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി നാളെ; നീട്ടണമെന്ന് മന്ത്രി തിലോത്തമൻ

By Web TeamFirst Published Sep 29, 2019, 1:18 PM IST
Highlights

സെപ്റ്റംബര്‍ 30 ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. 

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന തിയതി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. നിലവില്‍ നാളെയാണ് കാലാവധി അവസാനിക്കുന്നത്. കേന്ദ്രത്തില്‍ നിന്നും അനുകൂല നിലപാടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനുള്ള അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടികുറക്കുന്ന കേന്ദ്ര നിലപാടില്‍ പ്രതിഷേധമുണ്ടെന്നും തിലോത്തമന്‍ കോഴിക്കോട് പറഞ്ഞു.

സെപ്റ്റംബര്‍ 30 ന് ശേഷം ആധാര്‍ റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്തവര്‍ക്ക് റേഷന്‍ നല്‍കേണ്ടതില്ലെന്നാണ് കേന്ദ്ര തീരുമാനം. റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിലും കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യില്ല. റേഷന്‍ കടയില്‍ നിന്നും ഇ പോസ് മെഷീന്‍ വഴി ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യാന്‍ കഴിയും. കൂടാതെ അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്‍ളൈ ഓഫീസുകള്‍ എന്നിവടങ്ങളില്‍ നിന്നും ലിങ്ക് ചെയ്യാവുന്നതാണ്. 2016 ല്‍ ഭക്ഷ്യഭദ്രത നിയം ഉണ്ടാക്കിയപ്പോള്‍ മുതല്‍ റേഷന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ടായിരുന്നു.  

ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞാലും കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വീട്ടിലെത്തി ലിങ്ക് ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും പൊതുവിതരണ വകുപ്പ് ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തിനുള്ള അരിയുടെയും മണ്ണെണ്ണയുടെയും വിഹിതം വെട്ടികുറക്കുന്ന കേന്ദ്ര നിലപാടിനെതിരെയും  മന്ത്രി വിമര്‍ശനം ഉയര്‍ത്തി. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം മൂന്നിലൊന്നായാണ് പെട്രോളിയം മന്ത്രാലയം വെട്ടിക്കുറച്ചത്. മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ വലയി പ്രതിസന്ധി ഉടലെടുത്തിരുന്നു. 13908 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ച സംസ്ഥാനത്തിന് 4644 കിലോ ലിറ്റര്‍ വെട്ടിക്കുറച്ച് 9264 കിലോ ലിറ്റര്‍ മാത്രമാണ് നല്‍കിയത്. 

click me!