തോൽപ്പാവക്കൂത്തിന് പുതുജീവൻ നൽകിയ കെ.കെ.രാമചന്ദ്ര പുലവർക്ക് പദ്മശ്രീ പുരസ്കാരം

Published : Jan 26, 2021, 12:47 AM IST
തോൽപ്പാവക്കൂത്തിന് പുതുജീവൻ നൽകിയ കെ.കെ.രാമചന്ദ്ര പുലവർക്ക് പദ്മശ്രീ പുരസ്കാരം

Synopsis

ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തുകയും അതുവഴി പൊതുസമൂഹത്തിലേക്ക് പാവക്കൂത്തിനെ എത്തിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിൻ്റെ നിർണായക സംഭാവന. 

പാലക്കാട്: പ്രശസ്ത തോൽപ്പാവക്കൂത്ത് കലാകാരനാണ് കെ.കെ. രാമചന്ദ്ര പുലവർ. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ അദ്ദേഹം പാവക്കൂത്ത്‌ അവതരിപ്പിച്ചിട്ടുണ്ട്. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തുകയും അതുവഴി പൊതുസമൂഹത്തിലേക്ക് പാവക്കൂത്തിനെ എത്തിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിൻ്റെ നിർണായക സംഭാവന. 

പാലക്കാട് കൂനന്തറയിൽ 1960 മെയ് 20-നാണ് അദ്ദേഹം ജനിച്ചത്. എട്ടാം വയസിൽ പിതാവ്‌ കൃഷ്‌ണൻകുട്ടി പുലവരിൽനിന്നാണു പാവക്കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ചത്‌. ഗോമതി അമ്മാളാണു ഭാര്യ. പത്താം വയസിൽ കവളപ്പാറ ആര്യങ്കാവ്‌ ഭഗവതിക്ഷേത്രത്തിൽ പാവക്കൂത്തിന്റെ അരങ്ങേറ്റം കുറിച്ചു. 

1982 മുതൽ അഞ്ചുവർഷം മഹാരാഷ്‌ട്രയിലെ സാവാന്തവാടിയിൽ പാവക്കൂത്ത്‌ പരിശീലിപ്പിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ കേരള സംസ്‌കാരം വളർത്തി എടുക്കുന്നതിന്റെ ഭാഗമായി ഇറ്റലിയിൽ സാംസ്‌കാരിക വകുപ്പുമായി സഹകരിച്ച്‌ തോൽപ്പാവകളെ ഉപയോഗിച്ചുളള പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.  കേന്ദ്ര സംഗീതനാടക അക്കാദമിയിൽ നാടൻകലകളും പാവകളിയും എന്ന വിഷയത്തിൽ റിസോഴ്‌സ് പേഴ്‌സനാണ് അദ്ദേഹം.

1968-ൽ ലോകമലയാളസമ്മേളനത്തിൽ പാവക്കൂത്ത്‌ അവതരിപ്പിച്ചിരുന്നു. 1979-ൽ റഷ്യയിൽ പര്യടനം നടത്തി. മാലിന്യ മുക്‌ത കേരളം, ജലദൗർലഭ്യം, മതമൗത്രി, ഗാന്ധിചരിത്രം തുടങ്ങിയ തുടങ്ങിയ സംഭവങ്ങളെല്ലാം പാവക്കൂത്ത്‌ രൂപത്തിൽ അവതരിപ്പിച്ചു. യേശുവിന്റെ കഥയെ ആസ്‌പദമാക്കി മിശിഹാ ചരിത്രം കൂത്ത്‌ രൂപത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. 

1998-ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ്, 2005-ൽ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, മദ്രാസ്‌ ക്രാഫ്‌റ്റ് ഫൗണ്ടേഷന്റെ ദക്ഷിണചിത്രാ അവാർഡ്, കേരള ഫോക്‌ലോർ അക്കാദമി അവാർഡ്, ചുമ്മാർ ചൂണ്ടൽ ഫോക്‌ലോർ അവാർഡ് എന്നീ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പുരസ്കാരലബ്ധിയിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്നും ഈ നിമിഷംഎല്ലാ ഭാരതീയരോടും മലയാളികളോടും നന്ദി പറയുന്നുവെന്നും പദ്മശ്രീ പുരസ്കാര വാർത്തയോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ് രാജേന്ദ്രനെതിരെ എം എം മണി; '15 കൊല്ലം എംഎൽഎ ആയിരുന്നു, പാർട്ടി എല്ലാ ആനുകൂല്യങ്ങളും നൽകി, രാജേന്ദ്രനെ കൈകാര്യം ചെയ്യണം'
ലിന്‍റോ ജോസഫ് എംഎൽഎക്കെതിരായ അധിക്ഷേപം തള്ളി തിരുവമ്പാടിയിലെ ലീഗ്; 'അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും സംസ്കാരശൂന്യവും'