
തൃശൂർ: രാഷ്ട്രീയത്തിന്‍റെ പേരിൽ തന്നെ വെറുക്കരുതെന്നും ദയവു ചെയ്ത് ചീത്ത പറയരുതെന്നും തൃശൂരിൽ തോറ്റ ബിജെപി സ്ഥാനാർഥി പത്മജ വേണുഗോപാൽ. താൻ ഒരു സാധാരണ മനസ്സുള്ള, എല്ലാവരോടും സ്നേഹവും ദയയും മാത്രമുള്ള സ്ത്രീയാണ്. തന്നെ സ്നേഹിക്കുന്ന കുറെ പേർ ഇപ്പോഴും തൃശൂരിൽ ഉണ്ട്. അതുകൊണ്ട് താൻ തൃശൂരിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് പത്മജ പറഞ്ഞു. ഇലക്ഷൻ കഴിഞ്ഞപ്പോൾ പതിവുപോലെ തോറ്റു. പത്മജ എന്താണ് ഇപ്പോൾ ചെയ്യുന്നുണ്ടാവുക എന്ന് ആരെങ്കിലുമൊക്കെ ആലോചിക്കുന്നുണ്ടാവും. അവരോട് പറയാനുള്ളത് താൻ ഇവിടെ തന്നെ ഉണ്ട്, എവിടെയും പോയിട്ടില്ല എന്നാണ്. എല്ലാവരും പറയുന്നത് പോലെ ഇനി ഒരു ഇലക്ഷനിൽ നിൽക്കില്ല എന്നൊന്നും പറയുന്നില്ല. എല്ലാം ദൈവത്തിന്‍റെ കയ്യിലാണ്. മനുഷ്യന്മാർ എല്ലാവരും ഒരേ രീതിയിൽ ചിന്തിക്കുന്നതാണെന്നാണ് തനിക്ക് തോന്നുന്നതെന്നും പത്മജ പറഞ്ഞു.
"എന്നെപ്പറ്റി എനിക്ക് പറയാനുള്ളത് ഞാൻ നിങ്ങളൊന്നും വിചാരിക്കുന്ന ഒരാളല്ല എന്നാണ്. ഞാൻ ഒരു സാധാരണ മനസ്സുള്ള, എല്ലാവരോടും സ്നേഹവും ദയയും മാത്രമുള്ള സ്ത്രീയാണ്. അതിന് എനിക്ക് നന്ദി പറയേണ്ടത് എന്റെ അമ്മയോടാണ്. ഈ സ്ഥാനമാനങ്ങൾ ഒന്നും ശാശ്വതമല്ല എന്നും അച്ഛന്റെ ഒരു ശ്വാസത്തിലാണ് നമ്മൾ ഇതെല്ലാം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അമ്മ പറഞ്ഞു തന്നിട്ടുണ്ട്. ആർക്കെങ്കിലും അസുഖം വന്നാൽ പോലും എനിക്ക് പേടിയാണ്. അയ്യോ അവരില്ലാതെ നമ്മൾ എങ്ങനെ ജീവിക്കും എന്നെല്ലാം ആലോചിക്കും. പക്ഷേ, ഏറ്റവും ഇഷ്ടപ്പെടുന്ന എന്റെ അച്ഛൻ പോയിട്ട് ഞാൻ ജീവിച്ചു. എന്ത് സംഭവിച്ചാലും നമ്മൾ ജീവിക്കണം. വോട്ടെടുപ്പ് ദിവസം ഇങ്ങനെ കഴിഞ്ഞുപോയി. പക്ഷെ എനിക്ക് സങ്കടമൊന്നുമില്ല. ഗുരുവായരപ്പനാണേ സത്യം എന്റെ മനസ്സിനെ ഇതൊന്നും ബാധിച്ചിട്ടില്ല"- പത്മജ പറഞ്ഞു.
താൻ എപ്പോഴും പോസിറ്റീവായിട്ടാണ് ചിന്തിക്കാറുള്ളത്. സുനാമി പോലെ കോൺഗ്രസിനെ ജയിപ്പിക്കാൻ ആളുകൾ വോട്ട് ചെയ്തു. ആരാണെന്ന് നോക്കിയല്ല, എൽഡിഎഫിനെ പുറത്താക്കാൻ കൈപ്പത്തി നോക്കി അല്ലെങ്കിൽ ലീഗിന്റെ ചിഹ്നം നോക്കി ആളുകൾ കുത്തി. അല്ലാതെ തന്നോടുള്ള ദേഷ്യം കൊണ്ടല്ല എന്നാണ് മനസ്സിലാക്കുന്നത്. തന്നെ സ്നേഹിക്കുന്ന കുറെ ആൾക്കാർ ഇപ്പോഴും തൃശ്ശൂരിൽ ഉണ്ടെന്ന് അറിയാം. അതുകൊണ്ട് തൃശ്ശൂരിൽ നിന്ന് പോകാൻ ഉദ്ദേശിച്ചിട്ടില്ല. എല്ലാവരുടെ വീട്ടിലും വരും. എല്ലാവരുടെ സുഖ ദുഃഖങ്ങളിലും പങ്കുചേരും. അതിന് അധികാരം വേണ്ടല്ലോ. അധികാരം എന്ന് പറയുന്നത് കുട്ടിക്കാലം തൊട്ട് താൻ കണ്ടിട്ടുള്ളതാണ്. താൻ ജനിക്കുമ്പോൾ പിതാവ് എംഎൽഎ ആയിരുന്നു. ഇതൊക്കെ ഇത്രയേ ഉള്ളൂ എന്നുള്ളത് നല്ലതുപോലെ അറിയാമെന്നും പത്മജ പറഞ്ഞു.
ജീവിതത്തിൽ കേൾക്കാത്ത തെറികൾ ചിലർ വിളിക്കുന്നുണ്ട്. ഇവർക്കൊന്നും അമ്മയും പെങ്ങന്മാരും ഒന്നുമില്ലേ എന്നാണ് പത്മജയുടെ ചോദ്യം. താൻ ഇന്നുവരെ ആരെയും അങ്ങനെ പറഞ്ഞിട്ടില്ല. തന്‍റെ സഹോദരൻ എന്തൊക്കെ പറഞ്ഞു. പക്ഷെ താൻ ഒന്നും മിണ്ടിയിട്ടില്ല. ചേട്ടന് അത് പറയാനുള്ള അവകാശം ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് താൻ. അതുകൊണ്ട് ചേട്ടൻ എന്ത് പറഞ്ഞാലും പണ്ട് സങ്കടം വരുമായിരുന്നു. ഇപ്പോൾ അതുമില്ല. പാർട്ടിയിൽ ഇരിക്കുമ്പോൾ നമ്മളെ പിരികയറ്റാൻ ആൾക്കാർ ഉണ്ടാകും. ചേട്ടൻ അങ്ങനെ പറഞ്ഞു എന്ന് അവർ പറയും. ‘പറഞ്ഞോട്ടെ, അത് എന്റെ ചേട്ടനല്ലേ, നിങ്ങൾക്ക് വേദനിക്കേണ്ട കാര്യമില്ലല്ലോ? എന്റെ ചേട്ടൻ എന്നെയല്ലേ പറയുന്നത്. അപ്പോൾ എനിക്കല്ലേ വേദനിക്കേണ്ടത്? എനിക്ക് വേദനയൊന്നുമില്ല’ എന്നാണ് താൻ മറുപടി നൽകാറുള്ളതെന്നും പത്മജ പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിൽ നിങ്ങളുമായിട്ട് ഈ മാധ്യമത്തിൽ കൂടെ സംസാരിക്കും. താൻ ആരാണ് എന്ന് നിങ്ങൾ അറിയണം. പത്മേച്ചി പാവമാണ്, നല്ലൊരു മനസ്സിനുടമയാണ് എന്നെങ്കിലും നിങ്ങൾ അറിയണമെന്ന് പത്മജ വിശദീകരിച്ചു. ദയവു ചെയ്ത് രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ വെറുക്കരുതെന്നും പത്മജ അഭ്യർത്ഥിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam