
മലപ്പുറം: പാകിസ്ഥാൻ പരാമര്‍ശത്തിലൂടെ താനൂരിനെ അപമാനിച്ചുവെന്നും ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നും താനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ നവാസ്. താനൂരിലെ ജനങ്ങളെയാണ് മന്ത്രി അബ്ദുറഹ്മാൻ അപമാനിച്ചത്. മന്ത്രി പറഞ്ഞപ്പോള്‍ പാക്കിസ്ഥാന് പകരം ബംഗ്ലാദേശും ഓസ്ട്രേലിയയും ആവാതെ പോയത് എന്തുകൊണ്ടാണ്? ഇന്ത്യ അബ്ദുറഹ്മാനും അപ്പുറത്തുള്ളവര്‍ പാക്കിസ്ഥാനുമാവുന്നത് എങ്ങനെയാണ്? നരേന്ദ്ര മോദിയും അമിത് ഷായും ഇവിടത്തെ ബിജെപിക്കാരും ഉപയോഗിച്ച പദമാണ് പാക്കിസ്ഥാൻ. അതേ ചിന്തയും രീതിയുമാണ് ഇടതുപക്ഷത്തിലെ മന്ത്രിക്കുള്ളത്. ഉത്തരവാദിത്തപ്പെട്ട മന്ത്രിയിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഉണ്ടായതെന്നും പികെ നവാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. താനൂര്‍ മണ്ഡലം ഒഴിവാക്കിയാണ് ഇത്തവണ അബ്ദുറഹ്മാൻ തിരൂരിൽ നിന്ന് എൽഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
പി കെ നവാസിനെതിരെ വിമർശനവുമായി വി അബ്ദുറഹ്മാൻ
അതേസമയം, പികെ നവാസിനെതിരെ വിമര്‍ശനവുമായി വി അബ്ദുറഹ്മാൻ രംഗത്തെത്തി. പികെ നവാസിനെ പോലെയുള്ള ആളുകൾ വന്നതിനുശേഷമാണ് കളവ് വ്യാപിച്ചത്. ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുന്നതിന്‍റെ പ്രതീതിയിലാണ് അക്കാര്യം താൻ പറഞ്ഞത്.അതിന്, നവാസോ നവാസിന്‍റെ സംസ്ഥാന നേതാക്കളോ ചൂടാവേണ്ടതില്ല. ഷാജിയുടെയും നവാസിന്റെയും ഒക്കെ ചരിത്രം അറിയാമെന്നും വി. അബ്ദുറഹ്മാൻ പറഞ്ഞു. യുഡിഎഫ് ഏറ്റവും കൂടുതൽ കളവ് പ്രചരിപ്പിച്ചത് തിരൂരിലാണ്. കളവു പറയാൻ ലീഗിലെ ചെറിയ നേതാക്കളെ പ്രത്യേകം പരിശീലിപ്പിക്കുന്നു. ന്യൂനപക്ഷ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമം. ആ ശ്രമത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും വി അബ്ദുറഹ്മാൻ പറഞ്ഞു.
പാകിസ്ഥാൻ പരാമർശത്തില്‍ വിശദീകരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പാകിസ്ഥാൻ പരാമർശം ലീഗ് തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നാണ് അബ്ദുറഹ്മാന്‍റെ വിശദീകരണം. തിരൂരിൽ നടക്കുന്നത് ഇന്ത്യ-പാകിസ്ഥാൻ മത്സരം പോലെയെന്നാണ് താൻ ഉദ്ദേശിച്ചതെന്ന് പറഞ്ഞ അബ്ദുറഹ്മാൻ, ലീഗ് അനാവശ്യമായ കളവ് പ്രചരിപ്പിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിൽ എന്റെ ചിത്രം മാത്രം കാണുന്നതിൽ വിഷമം ഉണ്ടാകുന്നവർ ഉണ്ടെന്ന് അറിയാം. ഇടതുപക്ഷത്തിന്റെത് കൂട്ടായ നേതൃത്വമാണ്. അതിന് നേതൃത്വം നൽകുന്നയാൾ എന്ന നിലയിൽ എന്റെ ചിത്രം ഉണ്ടാകാം. ലീഗിന്റേത് പരാജയഭീതിയാണെന്നും അബ്ദുറഹ്മാൻ വിമര്‍ശിച്ചു. താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ ആണെന്നായിരുന്നു വി. അബ്ദുറഹ്മാന്‍റെ വിവാദ പരാമർശം.
അതേസമയം, വി അബ്ദുറഹ്മാനെതിരെ മോശവും വ്യാജവുമായ പ്രചാരണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വി അബ്ദുറഹ്മാന്‍റെ ഏജന്‍റായ അഡ്വ. പി ഹംസക്കുട്ടിയാണ് പരാതി നൽകിയത്.താനൂർ ബോട്ടപകടത്തിന്‍റെ ഉത്തരവാദി അബ്ദുറഹ്മാൻ ആണെന്നും, കൊലയാളി ആണെന്നും യുഡിഎഫ് സ്ഥാനാർത്ഥി തെറ്റായി പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇത്തരത്തിലുള്ള അനൗൺസ്മെന്റുകളും, സോഷ്യൽ മീഡിയ പ്രചാരണങ്ങളും നീക്കം ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. പ്രചാരണം മാതൃക പെരുമാറ്റ ചട്ടത്തിന്‍റെ ലംഘനമാണെന്നും പരാതിയിലുണ്ട്.ഇക്കഴിഞ്ഞ നാലിനാണ് പരാതി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam