
തിരുവനന്തപുരം: ഇന്ത്യ പാകിസ്ഥാൻ വെടിനിറുത്തലിനെക്കുറിച്ച് താൻ അറിഞ്ഞത് പുലർച്ചെ നീന്തുമ്പോഴായിരുന്നു എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിനെ ചൊല്ലി കള്ളപ്രചാരണം. പാകിസ്ഥാൻ പ്രധാനമന്ത്രി നീന്ത് എന്നാണ് പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടിയാണ് കള്ളപ്രചാരണം. പാക് പ്രധാനമന്ത്രി എന്താണ് പറഞ്ഞതെന്നും ഏഷ്യാനെറ്റ് ന്യൂസ് എന്താണ് റിപ്പോർട്ട് ചെയതതെന്നും കാണാം.
ഇസ്ലാമാബാദിൽ സൈനിക ഉദ്യോഗസ്ഥരോട് സംസാരിക്കുമ്പോഴാണ് ഈ മാസം 9ന് രാത്രിക്കും പത്തിനു പുലർച്ചെയ്ക്കും ഇടയിൽ തനിക്ക് രണ്ട് ഫോൺകോളുകൾ വന്നു എന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി വിശദീകരിക്കുന്നത്. ആദ്യം 2.30യ്ക്ക് വന്ന ഫോൺകോളിൽ ഇന്ത്യ റാവൽപിണ്ടിക്കടുത്ത് വരെ മിസൈൽ അയച്ച വിവരം കരസേന മേധാവി അറിയിച്ചു എന്ന് പറയുന്നു. പിന്നീട് പുലർച്ചെ പ്രാർത്ഥനയ്ക്കു ശേഷം താൻ നീന്തുമ്പോഴാണ് വെടിനിറുത്തലിന് ഇന്ത്യ തയ്യാറാണെന്ന് അസിം മുനീർ വീണ്ടും വിളിച്ച് അറിയിക്കുന്നതെന്നും ഷഹ്ബാസ് ഷെരീഫ് വിശദീകരിക്കുന്നു. ഇത് തന്നെയാണ് ഏഷ്യാനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്തത്.
പ്രസംഗത്തിൽ നീന്ദ് എന്ന വാക്ക് തന്നെ പ്രധാനമന്ത്രി ഉപയോഗിക്കുന്നില്ല. അതായത് ഷഹ്ബാസ് ഷെരീഫ് നീന്ദ് (ഉറക്കം) എന്ന് ഉപയോഗിക്കുക പോലും ചെയ്യാത്തപ്പോഴാണ് അതിനെ ഏഷ്യാനെറ്റ് ന്യൂസ് നീന്തൽ എന്ന് തർജ്ജമ ചെയ്തു എന്ന് കാട്ടിയുള്ള കള്ളപ്രചാരണം. പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ പ്രസംഗം എല്ലാ മാധ്യമങ്ങളിലും ലഭ്യമാണെന്നിരിക്കെയാണ് ഒരു വിഭാഗം ബിജെപി അനുകൂല സാമൂഹ്യമാധ്യമ ട്രോളർമാരും ചില തീവ്ര വലതുപക്ഷ മാധ്യമപ്രവർത്തകരും ബോധപൂർവ്വവും അറിവില്ലായ്മ കാരണവും കള്ളപ്രചാരണം നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam