
കോട്ടയം: പാലായിൽ തെരഞ്ഞെടുപ്പ് ചൂടുപിടിക്കുകയാണ്. സ്ഥാനാർത്ഥികളുടെ വിവിധ തരത്തിലുള്ള പ്രചാരണപരിപാടികൾ പൊടിപ്പൊടിക്കുകയാണ് പാലായിൽ. അതിനിടയിൽ കരളലിയിക്കുന്നൊരു കാഴ്ചയാണ് പാലായിൽ നിന്നും പുറത്തുവരുന്നത്. വീടുകൾ വോട്ടു ചോദിച്ചെത്തിയ എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിക്ക് പൊളിഞ്ഞു വീഴാറായ കുടിൽ കാട്ടിക്കൊടുത്ത് തന്റെ ദയനീയാവസ്ഥ വിവരിക്കുകയാണ് മുത്തോലി സ്വദേശി മിനി.
പ്രളയത്തിൽ വെള്ളം കയറി നശിച്ച വീട്ടിൽ പ്രായമായ അമ്മയോടൊപ്പമാണ് എസ്ടി വിഭാഗത്തിൽപെട്ട മിനി കഴിയുന്നത്. ഇതുപോലെ ഇടിഞ്ഞ് പൊഴിഞ്ഞ് വീഴാറായ ഒരു വീടുപോലും മുത്തോലിയിൽ ഇല്ലെന്നും തന്റെ വീട് മാത്രമാണ് ഇങ്ങനെയുള്ളൂവെന്നും കണ്ണീരൊഴുക്കി മിനി പറഞ്ഞു. വെള്ളം കയറിയ വീട്ടിലാണ് താമസം. ഷീമ കൊന്നയുടെ കമ്പും മുളയുമാണ് മേൽക്കുരയ്ക്ക് താങ്ങായി നിൽക്കുന്നത്. വീടിന്റെ അവസ്ഥയിൽ വലിയ വിഷമമുണ്ടെന്നും മിനി കൂട്ടിച്ചേർത്തു.
മിനിയും അമ്മയും വർഷങ്ങളായി ഈ കൂരയിലാണ് കഴിയുന്നത്. മേൽക്കുര പൊതിഞ്ഞ ഷീറ്റ് ചോരുന്നുണ്ട്. ഒരു അലമാരയോ വാതിലോ ഇല്ല. കഴിഞ്ഞ പ്രളയത്തിൽ വീട്ടിൽ വെള്ളം കയറി മുഴുവൻ സാധനങ്ങളും നശിക്കുകയായിരുന്നു. സ്വന്തമായൊരു ഫോൺ ഉണ്ടായിരുന്നെങ്കിൽ തന്റെ അവസ്ഥ കാണിച്ച് മുഖ്യമന്ത്രിക്ക് സന്ദേശമയച്ചെനേ. അത്രയും കഷ്ടപ്പാട് അനുഭവിക്കുന്നുണ്ടെന്നും മിനി പറഞ്ഞു. എന്തെങ്കിലും സഹായം ലഭിക്കുമോ എന്നറിയാനാണ് പ്രചാരണ വാഹനം പോകുമ്പോൾ മിനി ഓടിയെത്തി എൻ ഹരിയെ തന്റെ അവസ്ഥ നേരിട്ട് കാണിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചത്.
മിനിക്കും കുടുംബത്തിനും വീട് ലഭിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് എൻ ഹരി പറഞ്ഞു. അതേസമയം, മിനിയും കുടുംബവും ലൈഫ് പദ്ധതിയുടെ പട്ടികയിലുണ്ടെന്നും എപ്പോള്‍ വീട് അനുവദിക്കുമെന്ന് പറയാനാകില്ലെന്നുമാണ് മുത്തോലി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam