
കോട്ടയം: പാലാ നാളെ പോളിങ് ബൂത്തിലേക്ക്. മണ്ഡലത്തില്‍ ഇന്ന് നിശബ്ദ പ്രചാരണമാണ്. പോളിങ് സമഗ്രഹികളുടെ വിതരണം രാവിലെ 8 മണിയോടെ തുടങ്ങും. ഞായറാഴ്ചയായതിനാല്‍ രാവിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചാകും സ്ഥാനർഥികളുടെ പ്രചാരണം തുടരുക. തെരഞ്ഞെടുപ്പിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ അറിയിച്ചു. മൂന്ന് കമ്പനി കേന്ദ്ര സേന അടക്കം 700 സുരക്ഷ ഉദ്യോഗസ്ഥരെ പാലായിൽ വിന്യാസിക്കും.
ആകെ 176 പോളിംഗ് സ്റ്റേഷനുകളാണ് പാലായില്‍ ഒരുക്കിയിരിക്കുന്നത്. 1,79,107 വോട്ടര്‍മാര്‍ പട്ടികയിലുണ്ട്.. രാവിലെ 7 മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് പോളിംഗ്. അത്യാധുനിക സംവിധാനമുള്ള എം 3 വോട്ടിംഗ് മെഷീനാണ് തെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. അഞ്ച് മാതൃക ബൂത്തുകളും ഒരു വനിതാ നിയന്ത്രിത ബൂത്തും ക്രമീകരിച്ചിട്ടുണ്ട്.
അഞ്ച് പ്രശ്ന സാധ്യതാ ബൂത്തുകളിലും പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഇവിടത്തെ മുഴുവൻ നടപടി ക്രമങ്ങളും വീഡിയോയില്‍ പകര്‍ത്തും. നാട്ടിലില്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഴി കള്ളവോട്ട് തടയാനാകുമെന്നാണ് കമ്മീഷന്‍റെ പ്രതീക്ഷ. വോട്ടിംഗ് മെഷീൻ ഉള്‍പ്പടെയുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കാര്‍മല്‍ പബ്ലിക്ക് സ്കൂളിലാണ് നടക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam