
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിലെ നിർദ്ദിഷ്ട ബ്രൂവറി പദ്ധതി പ്രദേശം വൃത്തിയാക്കാൻ ഒയാസിസ് കമ്പനി നടപടി തുടങ്ങി. ഡിജിറ്റൽ സർവ്വേ നടത്തുന്നതിന് മുന്നോടിയായാണ് കാട് വെട്ടി തെളിക്കുന്നതെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. അതേസമയം, നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് - ബിജെപി പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. എന്നാൽ, ഒരു നിർമ്മാണ പ്രവർത്തനവും നടത്തുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. നിർമാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയല്ല നടക്കുന്നതെന്ന് ഒയാസിസ് കമ്പനി പ്രതിനിധി ഗോപീകൃഷ്ണൻ സ്ഥലത്തെത്തി പ്രതിഷേധക്കാരെ അറിയിച്ചു. കാട് വെട്ടിത്തെളിക്കാനാണ് എത്തിയത്. സ്ഥലം കാട് പിടിച്ച് കടക്കുന്നു എന്ന് പലരും പരാതി പറഞ്ഞിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കല്ല എത്തുന്നതെന്ന് വില്ലേജ് ഓഫീസറോടും പൊലീസിനെയും അറിയിച്ചിരുന്നുവെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.
പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയിലുള്ള കാർഷിക ഗ്രാമമാണ് എലപ്പുള്ളി. എലപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിലുള്ള മണ്ണുക്കാട് പ്രദേശത്താണ് മധ്യപ്രദേശിലെ മദ്യ നിർമ്മാണ കമ്പനിയായ ഒയാസിസ് കൊമേഴ്‌സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് ബ്രൂവറി പ്ലാന്റ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രാരംഭാനുമതി നൽകിയിരിക്കുന്നത്. 24 ഏക്കർ സ്ഥലമാണ് ഒയാസിസ് മദ്യനിർമ്മാണ കമ്പനി ഇതിനായി വാങ്ങിയത്. ഇതിൽ 4 ഏക്കർ കൃഷിഭൂമിയായിരുന്നു. പ്രദേശത്തെ കാര്‍ഷിക മേഖല താറുമാറാകുമെന്നും കുടിവെള്ള പ്രശ്നം രൂക്ഷമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് അടക്കം പദ്ധതിയെ എതിർക്കുന്നത്. അതേസമയം, എലപ്പുള്ളിയിലെ മദ്യ നിര്‍മ്മാണ ശാല അനുമതിയിൽ ആകെ പെട്ട അവസ്ഥയിലാണ് സിപിഐ. ഉൾപ്പാര്‍ട്ടി എതിര്‍പ്പ് കാരണം പദ്ധതിയെ അനുകൂലിക്കാനോ മുന്നണി മര്യാദയുടേയും സര്‍ക്കാര്‍ കെട്ടുറപ്പിന്‍റെയും പേരിൽ പ്രതിരോധിക്കാനും കഴിയാത്ത അവസ്ഥയാണ്.