
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 കടന്നതോടെ ആശ്വാസത്തിലാണ് മുന്നണികൾ. എന്നാല്‍ പോളിംഗ് കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. അതേസമയം ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോളിംഗ് ഉയർന്നു. എന്നാൽ കോൺഗ്രസിന് മേധാവിത്തമുള്ള പിരായിരി പഞ്ചായത്തിലും കണ്ണാടി, മാത്തൂർ പഞ്ചായത്തുകളിലും വോട്ട് കുറയുകയും ചെയ്തു. ഇത് മുന്നണികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചു.
ഒന്നര മാസത്തോളം നീണ്ട വാശിയേറിയ പ്രചാരണത്തിന് ഒടുവിലാണ് പാലക്കാട്ടെ ജനം ഇന്ന് വിധിയെഴുതിയത്. രാവിലെ മന്ദഗതിയിൽ തുടങ്ങിയ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലാണ് മെച്ചപ്പെട്ടത്. പാലക്കാട് നഗരസഭയിൽ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ നഗരസഭ പരിധിയില്‍ 65 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്ന് ബിജെപിയാണ് നഗരസഭാ പരിധിയിൽ കൂടുതൽ വോട്ട് നേടിയത്. ഇത്തവണ ഇവിടെ ഒറ്റയടിക്ക് അഞ്ച് ശതമാനത്തിലേറെ വോട്ട് ഉയർന്നു. ഇത് വലിയ വിജയ പ്രതീക്ഷയാണ് ബിജെപി ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കുന്നത്.
മറുവശത്ത്, യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തവണ 77 ശതമാനമായിരുന്ന പോളിങ്, ഇത്തവണ 69.78 ശതമാനമായി കുറഞ്ഞു. ഇതാണ് യുഡിഎഫ് ക്യാമ്പിൽ ചങ്കിടിപ്പുയരാൻ കാരണം. മണ്ഡലത്തിൻ്റെ ഭാഗമായ കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകളിലും പോളിംഗ് ശതമാനം കുറഞ്ഞു. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനവും മാത്തൂരില്‍ 68.29 ശതമാനവുമാണ് പോളിംഗ്. ഇവിടെ സിപിഎമ്മിനും കോൺഗ്രസിനും ഏറെക്കുറെ തുല്യശക്തിയാണ്.
വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപി ക്യാമ്പിൽ വിജയപ്രതീക്ഷ ഉയർന്നിട്ടുണ്ട്. നഗരസഭ പരിധിയില്‍ വോട്ട് കൂടിയത് അനുകൂലമാകുമെന്നാണ് ബിജെപി ഉറച്ച് വിശ്വസിക്കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപിയില്‍ ഉണ്ടായ യോജിപ്പ് ഗുണം ചെയ്തുവെന്നാണ് നേതാക്കൾ കരുതുന്നത്. പിരായിരി പഞ്ചായത്തിലടക്കം യുഡിഎഫ് വോട്ട് വലിയ തോതില്‍ ബിജെപിക്ക് കിട്ടിയെന്നും വിലയിരുത്തുന്നുണ്ട്. 2,500 നും 4,000 നും ഇടയില്‍ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ യുഡിഎഫിൽ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. നേരത്തെ അഞ്ചക്ക ഭൂരിപക്ഷം അവകാശപ്പെട്ടിരുന്ന കോണ്‍ഗ്രസ് ക്യാമ്പിൽ ആ ആത്മവിശ്വാസം ഇപ്പോഴില്ല. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ നാലായിരം വോട്ട് ഭൂരിപക്ഷത്തിൽ ജയിക്കാനാകുമെന്നാണ് നേതാക്കൾ പറയുന്നത്. 2021 ൽ 5000 വോട്ട് ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിൽ മണ്ഡലത്തിൽ ജയിച്ചത്. അന്ന് സിപിഎമ്മിൽ നിന്ന് വലിയ തോതിൽ വോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചിരുന്നു. എന്നാൽ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിനായി ഇത്തവണ ശക്തമായ പ്രചാരണം ഇടതുമുന്നണിയും കാഴ്ചവച്ചിരുന്നു. അവസാന നിമിഷം വരെയുള്ള വാശിയേറിയ പോരാട്ടമാണ് മണ്ഡലത്തിൽ കണ്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തായിരുന്ന സ്ഥിതിയിൽ നിന്ന് നില മെച്ചപ്പെടുത്തി രണ്ടാമതെത്താൻ സാധിക്കുമെന്ന് എൽഡിഎഫ് കണക്കുകൂട്ടുന്നു. പാലക്കാടൻ കാറ്റ് ആർക്ക് അനുകൂലമെന്ന് 23 ന് അറിയാം.
പോളിംഗ് ശതമാനം ഇങ്ങനെ
പാലക്കാട് നഗരസഭ - 71.1
പി രായിരി - 70.89
മാത്തൂർ - 70.11
കണ്ണാടി - 70.15
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam