
പാലക്കാട്: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും ഷാഫി പറമ്പിലിനെതിരെയും ആഞ്ഞടിച്ച് ഡോ. പി സരിൻ. സതീശന്‍റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമാണെന്ന് പി സരിന്‍ വിമര്‍ശിച്ചു. സതീശനിൽ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായെന്നും സഭ്യമായ രീതിയിൽ പുലഭ്യം പറഞ്ഞെന്നും സരിൻ ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ് കുമാറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. എല്ലാത്തിന്‍റെയും നാഥന്‍ താനെന്ന് വരുത്താനാണ് സതീശന്‍റെ ശ്രമം. പണിയെടുക്കാതെ ക്രെഡിറ്റ് എടുക്കുകയാണ് വി ഡി സതീശനെന്നും പി സരിന്‍ കുറ്റപ്പെടുത്തി. സിപിഎം നേതാക്കള്‍ വിളിച്ചിരുന്നെന്നും പാര്‍ട്ടി പറഞ്ഞാല്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാകുമെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു.
ഷാഫി പറമ്പിലിന് മുന്നിൽ കോൺഗ്രസ് നേതൃത്വം കീഴടങ്ങിയെന്ന് പി സരിൻ വിമർശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് പിന്തുടര്‍ച്ചാവകാശം പോലെയാണ്. സ്ഥാനാര്‍ത്ഥി രാഹുല്‍ അല്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ഷാഫി ഭീഷണി മുഴക്കിയിരുന്നു. ഷാഫിക്ക് മുന്നില്‍ കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങുകയായിരുന്നുവെന്ന് സരിന്‍ കൂട്ടിച്ചേര്‍ത്തു. കേരള രാഷ്ട്രീയത്തിലേക്കുള്ള റീ എന്‍ട്രിക്കാണ് രാഹുലിനെ ഷാഫി സ്ഥാനാര്‍ത്ഥിയാക്കിയത്. തന്‍റെ വരുതിക്ക് നില്‍ക്കുന്ന ഒരാള്‍ പാലക്കാട് വരണമെന്നതായിരുന്നു ഷാഫിയുടെ ആവശ്യമെന്നും സരിന്‍ ആരോപിക്കുന്നു. ഇനിയുള്ള പ്രവർത്തനം ഇടത് പക്ഷത്തിനൊപ്പം ചേർന്നായിരിക്കുമെന്ന് പി സരിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം ചിഹ്നത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് സരിൻ വ്യക്തമാക്കി.
പാലക്കാട് തന്നെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാകാത്തതിൽ നിരാശയില്ലെന്നും പി സരിൻ പറഞ്ഞു. സ്ഥാനാർത്ഥി നിര്‍ണയം ജനാധിപത്യപരമായിരുന്നില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ രീതിയോടായിരുന്നു എതിര്‍പ്പ്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടിക്കൊപ്പമാണ് ഇപ്പോള്‍ പോകുന്നത്. അവസരത്തിന് വേണ്ടിയല്ല പോകുന്നത് എന്ന് അതില്‍ നിന് വ്യക്തമാണ്. പിണറായി വിജയനെ പല തവണ വിമര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ എന്തുകൊണ്ട് നിലപാട് മാറ്റമെന്ന് ജനങ്ങളോട് വിശദീകരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam