
പാലക്കാട്: പാലക്കാട് തന്നെ സ്ഥാനാർത്ഥി ആക്കണമെന്ന കത്ത് നേരത്തെ തന്നെ വാട്സാപ്പിൽ കിട്ടിയിരുന്നു എന്നും പ്രഖ്യാപനം വന്നപ്പോൾ ഡിലീറ്റ് ചെയ്തെന്നും വെളിപ്പെടുത്തി കെ മുരളീധരൻ. അത്തരത്തിൽ ഡിലീറ്റ് ചെയ്യാത്തവരുടെ കയ്യിൽ നിന്നായിരിക്കും കത്ത് ചോർന്നത്. പാലക്കാട് സ്ഥാനാർത്ഥി സംബന്ധിച്ച് വിയോജിപ്പുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു.
നേതാക്കൾ കൂടിയാലോചന നടത്തിയില്ല എന്ന പരാതിയാണ് ഉണ്ടായിരുന്നെങ്കിലും മുഖം വീർപ്പിച്ച് മാറി നിൽക്കുന്നത് ശരിയല്ല എന്നത് കൊണ്ടാണ് പ്രചാരണത്തിന് വന്നത്. വോട്ടെടുപ്പ് കഴിഞ്ഞ ശേഷം ആ കത്ത് സംബന്ധിച്ച് ചർച്ച നടത്താം. ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന. മുരളീധരന്‍റെ മനസ് വേദനിപ്പിച്ചു എന്ന ചർച്ച ഇപ്പോൾ വേണ്ടെന്നും യുഡിഎഫ് ജയിക്കണമെന്നും പ്രശ്നങ്ങൾ പരിഹരിച്ച് ശക്തമായ പ്രചാരണമാണ് പാലക്കാട് യുഡിഎഫ് നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർത്ഥി ട്രോളിയിൽ പണം കടത്തിയെന്ന സിപിഎം ആരോപണം ബിജെപിയെ സഹായിക്കാനാണ്. ഈ വിവാദത്തോടെ കൊടകര കള്ളപ്പണം ചർച്ചയല്ലാതായ സാഹചര്യം ഉണ്ടായി. മുനമ്പം വിഷയം ബിജെപിക്ക് ഉപയോഗപ്പെടുത്താൻ സിപിഎം അവസരം കൊടുക്കുന്നുവെന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൃസ്ത്യൻ വിഭാഗത്തിന്‍റെ വീടുകൾ കയറി കത്ത് നൽകുകയാണ് ബിജെപി. സമൂഹത്തെ വിഭജിക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങൾ തെരഞ്ഞെടുപ്പിൽ വിലപ്പോകില്ല.ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയം പോലെയാകില്ല വരുന്ന നിയമസഭയിലേക്കെന്നും പൂർണമായി ഹൈക്കമാൻഡിന്റെ നിയന്ത്രണത്തിലായിരിക്കും സ്ഥാനാർത്ഥി നിർണ്ണയമെന്നും കെ മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam