
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിംഗ് അവസാനിച്ചു. 184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% ആണ് പോളിംഗ് രേഖപ്പെടുത്തിയത്. നിലവിൽ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. പോളിംഗിൻ്റെ ആദ്യഘട്ടങ്ങളിൽ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകൾ സംഘർഷഭരിതമായിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി ബൂത്തുകളിലെത്തിയത് ചോദ്യം ചെയ്ത് ബിജെപി, സിപിഎം പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്.
വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി. എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ അനാവശ്യമായി സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് സ്ഥാനാര്‍ത്ഥികളും എത്തുന്നുണ്ടല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.
ആദ്യ മണിക്കൂറിൽ ബൂത്തുകളിൽ ഉണ്ടായിരുന്ന നീണ്ട നിര ഉച്ചയോടെ കുറഞ്ഞെങ്കിലും വൈകീട്ടോടെ പോളിങ് മെച്ചപ്പെടുന്നതാണ് കണ്ടത്. അവസാന ലാപ്പിൽ പലയിടത്തും വോട്ടു ചെയ്യാനെത്തുന്നവരുടെ നീണ്ട നിര കാണാം. 2021നിയമസഭാ തെരഞ്ഞെടുപ്പിൽ 75 ശതമാനം പേരാണ് പാലക്കാട്ട് വോട്ട് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ പോരാട്ടത്തിൽ മുന്നണികൾ നടത്തിയ നാടിളക്കി മറിച്ചുള്ള പ്രചാരണത്തിന്റെ ആവേശം രാവിലെ വോട്ടിംഗിൽ കാര്യമായി പ്രതിഫലിച്ചില്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam