
പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീൻ മരിച്ച നിലയിൽ. ബാംഗ്ലൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികൾ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിൻ്റെ പേരിൽ നവീൻ്റെ നേതൃത്വത്തിലുള്ള എട്ടംഗം സംഘമാണ് മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ 2022 ൽ വെട്ടിക്കൊലപ്പെടുത്തിയത്.
2022 ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു.
ഷാജഹാൻ 2019 ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിനു ശേഷമുള്ള പ്രവൃത്തികളിൽ പ്രതികൾക്കുണ്ടായ അതൃപ്തിയും എതിർപ്പുമാണ് കൊലയിലേക്ക് നയിച്ചത്. ആദ്യം പാർട്ടിയുമായി പ്രതികൾ അകന്നു, പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നു. അകൽച്ച കൂടിക്കൂടി ശത്രുത ഉടലെടുത്തു. പ്രതികൾ രാഖി കെട്ടിയതിനെ ചൊല്ലിയും ഗണേശോത്സവത്തിന്‍റെ ഫ്ലെക്സ് ബോർഡ് വച്ചതുമായി ബന്ധപ്പെട്ടും അടുത്ത കാലത്ത് തർക്കമുണ്ടായി. ഓഗസ്റ്റ് പതിനാലിനു പകലും കൊല്ലപ്പെട്ട നവീനുമായി ഷാജഹാൻ ഇതേ വിഷയത്തിൽ വാക്കേറ്റത്തിൽ ഏർപ്പെട്ടു. ഇതാണ് പെട്ടന്നുളള കൊലയിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam