
പാലക്കാട്: ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ രൂക്ഷ വിമര്‍ശവുമായി പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ. രമ്യയുടെ പരാജയത്തില്‍ നേതൃത്വത്തിന് പങ്കില്ലെന്നും സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ പിഴവുകളാണ് വെല്ലുവിളിയായതെന്നും എ തങ്കപ്പൻ ആരോപിച്ചു. മുതിര്‍ന്ന നേതാക്കള്‍ അടക്കം നിര്‍ദേശിച്ച കാര്യങ്ങള്‍ സ്ഥാനാര്‍ത്ഥി വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. എ.വി ഗോപിനാഥ് ഫാക്ടര്‍ ആലത്തൂരില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ആകെ കുറഞ്ഞ വോട്ടുകളാണ് എല്‍ഡിഎഫിന് കിട്ടിയതെന്നും എ തങ്കപ്പൻ പറഞ്ഞു.
അതേസമയം, വിവാദങ്ങള്‍ക്കില്ലെന്നായിരുന്നു ഡിസിസിയുടെ ആരോപണത്തില്‍ രമ്യാ ഹരിദാസിന്‍റെ മറുപടി. പറയാനുളളത് പാര്‍ട്ടി വേദികളില്‍ പറയുമെന്നും വിവാദത്തിനില്ലെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഡിസിസി പ്രസിഡന്‍റിന്‍റെ പരാമര്‍ശം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ല. എല്ലാ നേതാക്കളുമായും നല്ല രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചു പോകുന്നത്. തോല്‍വിയുടെ കാര്യം പാര്‍ട്ടി പരിശോധിക്കട്ടെയന്നും രമ്യാ ഹരിദാസ് പറഞ്ഞു.
അതേസമയം, തന്‍റെ നിലപാട് രമ്യയുടെ തോൽവിക്ക് ഒരു ഘടകമായി എന്ന് കോണ്‍ഗ്രസ് വിമത നേതാവ് എ വി ഗോപിനാഥ് പറഞ്ഞു.കോൺഗ്രസിന്‍റെ സംഘടന സംവിധാനം ദുർബലമാണ്. ഇതാണ് ബിജെപിക്ക് വോട്ട് കൂടാൻ കാരണം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ആര്‍ക്കൊപ്പം നിൽക്കണമെന്ന് ആലോചിച്ചു തീരുമാനിക്കും. പാലക്കാട്ടും തന്റെ സംഘടനാ സ്വാധീനം ശക്തമാണ്.രമ്യയുടെ തീവ്രമായ പരിശ്രമം കൊണ്ടാണ് രാധാകൃഷ്ണന് ജയം ഉണ്ടായതെന്നും എ വി ഗോപിനാഥ് പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam