
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ. പോസ്റ്റൽ വോട്ടുകളിൽ 36 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിലുള്ളത്. പാലക്കാട് ബിജെപി ജില്ലാ ഓഫീസിലാണ് കൃഷ്ണകുമാർ വോട്ടെണ്ണൽ വീക്ഷിക്കുന്നത്. ഭാര്യയും നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ മിനിയും ഒപ്പമുണ്ട്. അതേസമയം, ചേലക്കരയിൽ പോസ്റ്റൽ വോട്ടുകളിൽ യുആർ പ്രദീപും മുന്നിലാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണുമ്പോൾ 49 വോട്ടുകൾക്കാണ് പ്രദീപ് മുന്നിൽ.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയം ഇത്തവണ തിരിച്ചുകൊണ്ടുവരുമെന്നാണ് സി കൃഷ്ണകുമാർ നേരത്തെ പ്രതികരിച്ചത്. പല്ലശ്ശന ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു കൃഷ്ണകുമാർ. ഇത്തവണ വിജയിക്കുമെന്ന ഉറപ്പിലാണ്. ഭൂരിപക്ഷം 5000ത്തിലധികം ഉണ്ടാവും. പ്രതീക്ഷിക്കുന്ന പോലെ അടിയൊഴുക്ക് ഉണ്ടായാൽ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സി കൃഷണകുമാർ പറഞ്ഞു.
അതേസമയം, കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും സംഭവബഹുലമായ പ്രചാരണ കാലയളവിന് ശേഷമുണ്ടായ വിധിയെഴുത്ത് മൂന്ന് മുന്നണികൾക്കും നിര്‍ണായകമാണ്. ഷാഫി പറമ്പിൽ വെന്നിക്കൊടി പാറിച്ച പാലക്കാട് നിലനിര്‍ത്താനുള്ള പോരാട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയത്. കോൺഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ തന്‍റെ രാഷ്ട്രീയ തീരുമാനം ശരിയാണെന്നും തെളിയിക്കണം.
മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പാണ് എല്‍ഡിഎഫും സിപിഎമ്മും ലക്ഷ്യംവയ്ക്കുന്നത്. മെട്രോമാൻ ഇ ശ്രീധരനിലൂടെ കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റം തുടരാനും ഇത്തവണ കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിലേക്ക് സന്ദീപ് വാര്യര്‍ ചുവട് മാറ്റം നടത്തിയതിന്‍റെ എഫക്ടും മണ്ഡലത്തിലെ വലിയ ചര്‍ച്ചയായിരുന്നു.
ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും, പാലക്കാട് ജയിക്കുമെന്ന് ഉറപ്പിച്ച് സരിൻ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam