ധനരാജിന്റെ കുടുംബത്തിനായി നടത്തിയ ഫുട്ബോൾ മത്സരത്തിന്റെ ഗാലറി തകർന്നുവീണു, 45 പേർക്ക് പരിക്ക്

By Web TeamFirst Published Jan 19, 2020, 9:13 PM IST
Highlights

അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പ്രദർശന മത്സരത്തിനായി ഒരുക്കിയ ഗാലറിയാണ് തകർന്ന് വീണത്

പാലക്കാട്: സൗഹൃദ ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്ന് വീണ് 45 പേർക്ക് പരിക്ക്. ഈയിടെ അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരം ആർ. ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പ്രദർശന മത്സരത്തിനായി ഒരുക്കിയ ഗാലറിയാണ് തകർന്ന് വീണത്. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകർന്നത്.

വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാലിത് എട്ട് മണിവരെ നീണ്ടുപോയി. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയൻ തുടങ്ങിയവർ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

നൂറണിയിലെ ടർഫ് ഗ്രൗണ്ടിലാണ് മത്സരം നിശ്ചയിച്ചിരുന്നത്. മത്സരം തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുൻപാണ് അപകടം നടന്നത്. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മത്സരത്തിനായി ഇന്നലെ താത്കാലികമായി തയ്യാറാക്കിയ ഗാലറിയാണിത്. ഷാഫി പറമ്പിൽ എംഎൽഎ, വികെ ശ്രീകണഠൻ എംപി തുടങ്ങിയവരും മത്സരം കാണാനെത്തിയിരുന്നു. 

കവുങ്ങ് തടി കൊണ്ടുണ്ടാക്കിയ ഗാലറിയാണ് തകർന്ന് വീണത്. നാട്ടുകാരും ഫയർ ഫോഴ്സ് ജീവനക്കാരും പൊലീസുകാരും ചേർന്ന് പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് മാറ്റുന്നത്. ഷാഫി പറമ്പിൽ എംഎൽഎയാണ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ്. കുട്ടികളും സ്ത്രീകളും അടക്കമുള്ളവരാണ് അപകടത്തിൽ പെട്ടത്.

click me!