Omicron : പാലക്കാട്ട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരനും ഒമിക്രോൺ, ഇന്ന് എട്ട് രോഗികൾ

By Web TeamFirst Published Dec 28, 2021, 11:43 PM IST
Highlights

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ക്വാട്ടേഴ്സിൽ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനയിലാണ് ഒമിക്രോൺ  രോഗബാധ സ്ഥിരീകരിച്ചത്.

പാലക്കാട് : സംസ്ഥാനത്ത് ഇന്ന് എട്ട് പേർക്ക് ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു.  പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്തും പാലക്കാട്ടും ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് പാലക്കാട്ട് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന്  ഡിഎംഒ  കെ രമാദേവി അറിയിച്ചു. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം ക്വാട്ടേഴ്സിൽ കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനയിലാണ് ഒമിക്രോൺ  രോഗബാധ സ്ഥിരീകരിച്ചത്.

പത്തനംതിട്ടയിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ (32 വയസും, 40 വയസും) യുഎഇയില്‍ നിന്നും, ഒരാള്‍ അയര്‍ലന്‍ഡില്‍ നിന്നും (28 വയസ്) വന്നതാണ്. ഒരാള്‍ക്ക് (51 വയസ്) സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ച ആണ്‍കുട്ടി (9 വയസ്) ഇറ്റലിയില്‍ നിന്നും ഒരാള്‍ (37 വയസ്) ഖത്തറില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാള്‍ (48 വയസ്) ടാന്‍സാനിയയില്‍ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 

തമിഴ്നാട്ടിൽ 11 ഒമിക്രോൺ കേസുകൾ കൂടി

അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 11 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിലാകെ  ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. നേരത്തേ 34 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. അതേസമയം, ഇവിടെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവിൽ ഒരാൾ ഇന്ന് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി.

click me!