പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ പ്രതിഷേധമറിയിച്ച് കെസി വേണുഗോപാൽ; അടിയന്തര റിപ്പോർട്ട് തേടുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഉറപ്പ്

Published : Aug 22, 2026, 03:41 PM IST
K C Venugopal

Synopsis

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മംഗളൂരു ഉൾപ്പെടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനത്തിൽ കെസി വേണുഗോപാൽ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്ക് കടുത്ത പ്രതിഷേധം അറിയിച്ചു. അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകി

ദില്ലി: പാലക്കാട് റെയിൽവേ ഡിവിഷനിൽ ഉൾപ്പെട്ട മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ സംസ്ഥാന സർക്കാരുമായി യാതൊരുവിധ ചർച്ചയും കൂടാതെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ കടുത്ത പ്രതിഷേധം അറിയിച്ച് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചതായും, വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് തേടുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖലയും മംഗളൂരു മേഖലയും അടർത്തിമാറ്റുന്നത് ഡിവിഷന്റെ സാമ്പത്തിക ഭദ്രതയെയും സർവീസുകളുടെ നിയന്ത്രണത്തെയും മലബാർ മേഖലയ്ക്കുള്ള പുതിയ ട്രെയിൻ അനുവദിക്കലിനെയും ഗുരുതരമായി ബാധിക്കുമെന്നും, അതിനാൽ റെയിൽവേ ഈ തീരുമാനം അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സി വേണുഗോപാലിന്‍റെ കുറിപ്പ്

സംസ്ഥാനവുമായി യാതൊരുവിധ ചർച്ചയും കൂടാതെ പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗളൂരു സെൻട്രൽ ഉൾപ്പെടെയുള്ള നിർണായക ഭാഗങ്ങൾ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ ഏകപക്ഷീയമായ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഓണക്കാലത്ത് കേരളത്തിന് ലഭിച്ച കനത്ത ഇരുട്ടടിയായ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി അടിയന്തര ചർച്ച നടത്തുകയും, ഈ വിവേചനപരമായ തീരുമാനത്തിനെതിരെ കേരളത്തിലെ മുഴുവൻ എം.പിമാരും ഒറ്റക്കെട്ടായി ശക്തമായ പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഈ റെയിൽവേ ഡിവിഷൻ വിഭജന നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടുമെന്ന് റെയിൽവേ മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇന്ന് ആലപ്പുഴയിലെത്തിയ ദക്ഷിണ റെയിൽവേ ജനറൽ മാനേജരെയും നേരിൽകണ്ട് ഇക്കാര്യത്തിലുള്ള ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

പാലക്കാട് ഡിവിഷന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ പനമ്പൂർ തുറമുഖ റെയിൽ ശൃംഖല ഉൾപ്പെടെയുള്ള മംഗളൂരു മേഖല അടർത്തിമാറ്റുന്നത് ഡിവിഷന്റെ പ്രവർത്തനത്തെയും സാമ്പത്തിക ഭദ്രതയെയും ഗുരുതരമായി ബാധിക്കും. കേരളത്തിലേക്കുള്ള ദീർഘദൂര സർവീസുകളുടെ പ്രധാന വടക്കൻ ടെർമിനലായ മംഗളൂരു സെൻട്രലിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതോടെ ട്രെയിൻ സമയക്രമം, പ്ലാറ്റ്‌ഫോം അലോക്കേഷൻ, അറ്റകുറ്റപ്പണികൾ എന്നിവ കടുത്ത വെല്ലുവിളിയാകുകയും മലബാർ മേഖലയ്ക്ക് ആവശ്യമായ പുതിയ ട്രെയിൻ സർവീസുകൾ അനുവദിക്കുന്നതിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. മുൻപ് സേലം ഡിവിഷൻ രൂപീകരിച്ച സമയത്ത് തന്നെ വലിയ ശോഷണം സംഭവിച്ച പാലക്കാട് ഡിവിഷനെ കൂടുതൽ ദുർബലമാക്കുന്ന ഈ തീരുമാനം റെയിൽവേ അടിയന്തരമായി തിരുത്തണമെന്നും, മംഗളൂരുവിനെ പാലക്കാട് ഡിവിഷന്റെ അവിഭാജ്യ ഘടകമായി തന്നെ നിലനിർത്തണമെന്നും ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉറപ്പുമായി മന്ത്രി, മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായുള്ള പുനരധിവാസ പദ്ധതികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് ടി സിദ്ദീഖ്
ഇടുക്കി ഡാം എല്ലാദിവസവും തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി; ഒരു മായാജാലമെന്ന് സണ്ണി ജോസഫ്