
പാലക്കാട്: പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. പട്ടാമ്പിയിലും നെന്മാറയിലും പൊതു ദർശനത്തിന് വച്ചശേഷമായിരുന്നു സംസ്കാരം. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഷാഫി അപകട നില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു.
രാവിലെ ഏഴരയോടെയാണ് നെന്മാറ അയിലൂർ സ്വദേശികളായ നിഖിൽ, വൈശാഖ്, ശിവൻ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങിയത്. തുടർന്ന് വീടുകളിലും അയിലൂർ വായനശാലയിലും പൊതുദർശനത്തിന് വച്ചു. നാട്ടുകാരും ജനപ്രതിനിധികളുമുൾപ്പെടെ വൻ ജനാവലിയാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. തുടർന്ന് വാക്കാവ് പൊതുശ്മശാനത്തിൽ മൂവരെയും സംസ്കരിച്ചു. അപകടത്തിൽ മരിച്ച ആംബുലൻസ് ഡ്രൈവർ നെന്മാറ സ്വദേശി സുധീറിന്റെ മൃതദേഹം ഇന്നലെ രാത്രിതന്നെ ബന്ധുക്കൾ ഏറ്റുവാങ്ങിയിരുന്നു. രാവിലെ സുധീറിന്റെ സംസ്കാരം ആറ്റുവ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.
അപകടത്തിൽ മരിച്ച പട്ടാമ്പി, ഷൊറണൂർ സ്വദേശികളുടെ മൃതദേഹങ്ങൾ പത്തുമണിക്ക് ശേഷമായിരുന്നു ബന്ധുക്കൾ ഏറ്റുവാങ്ങിയത്. പാലക്കാട് ജില്ലാ ആശുപത്രിമോർച്ചറിയിൽ നിന്ന് വിലാപയാത്രയായി പട്ടാമ്പിയിലെത്തിച്ച മൃതദേഹങ്ങൾ വാടാനംകുറിശ്ശി സ്കൂൾ മൈതാനിയിൽ പൊതുദർശനത്തിന് വച്ചു. നവാസ്, നാസർ,സുബൈർ എന്നിവരെ പോക്കുപ്പടി ജുമാമസ്ജിദ് കബർസ്ഥാനിലും ഉമർ ഫാറൂഖിനെ വെട്ടിക്കാട്ടിരി ജുമാമസ്ജിദ് കബർസ്ഥാനിലുമാണ് സംസ്കരിച്ചത്.
ഇന്നലെയാണ് എട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം. അത്യാസന്ന നിലയിലുളള രോഗിക്കൊപ്പം, മറ്റൊരു അപകടത്തിൽപ്പെട്ടവരെയും കൊണ്ട് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വരികയായിരുന്ന ആംബുലൻസാണ് മീന്‍ ലോറിയുമായി കൂടിയിടിച്ചത് അപകടമുണ്ടായത്. ആംബുലൻസ് ഡ്രൈവറുടെ പിഴവാണ് അപകടകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam