പാലക്കാട് വിദ്യാർത്ഥി കാറിടിച്ച് മരിച്ച സംഭവം; ഡ്രൈവറെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Dec 13, 2019, 6:31 PM IST
Highlights
  • കാർ ഡ്രൈവർ നാസറിനെയാണ് മനപൂർവമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്
  • മനപൂർവമല്ലാത്ത നരഹത്യയാണ് സംഭവത്തിൽ ഡ്രൈവർക്കെതിരെ ആദ്യം ചുമത്തിയത്

പാലക്കാട്: കാറിടിച്ച് പരിക്കേറ്റ വിദ്യാർത്ഥിയെ വഴിയിൽ ഉപേക്ഷിച്ച് പോയ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മനപൂർവമല്ലാത്ത നരഹത്യയാണ് ആദ്യം ചുമത്തിയത്. കുട്ടിയെ പരിക്കേൽപ്പിക്കുകയും രക്ഷിക്കുന്നതിൽ ഗുരുതമായ വീഴ്ച്ച വരുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ മനപൂർവമായ നരഹത്യ ചുമത്തി.

കാർ ഡ്രൈവർ നാസറിനെയാണ് മനപൂർവമായ നരഹത്യ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. പാലക്കാട് കസബ പൊലീസ് നാസറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

നല്ലേപ്പള്ളി സ്വദേശി സുദേവന്റെ മകൻ സുജിത്താണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അപകടത്തിന് ശേഷം കുട്ടിക്ക് ചികിത്സ നൽകാൻ നിൽക്കാതെ കാർ യാത്രക്കാർ രക്ഷട്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് അപകടമുണ്ടായത്. മിഠായി വാങ്ങാനായി പോയതായിരുന്നു കുട്ടി. അമിതവേഗത്തിലെത്തിയ കാര്‍ കുട്ടിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

അപകടം കണ്ട സമീപവാസി കുട്ടിയെ അതേ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍  യാത്രക്കാര്‍ കുട്ടിയെ വാഹനത്തില്‍ കയറ്റി 5 കിലോമീറ്ററോളം മുന്നോട്ട് പോയി. എന്നാല്‍ കുട്ടിയുടെ തലയില്‍ നിന്നും രക്തംവരാന്‍ തുടങ്ങിയതോടെ ടയർ പഞ്ചറായെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവർ കുട്ടിയെ വഴിയിൽ ഇറക്കിവിട്ടു.

തുടര്‍ന്ന് സമീപവാസി കുട്ടിയെ മറ്റൊരു വാഹനത്തില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അഞ്ചുമണിക്ക് അപകടം നടന്നെങ്കിലും ആറരയ്ക്കാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. മലപ്പുറം പുത്തനത്താണി സ്വദേശി അഷറഫിന്‍റേതാണ് കാറെന്ന് തിരിച്ചറിഞ്ഞതായി പൊലീസ്‌ വ്യക്തമാക്കി. കാർ പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ ഉടമസ്ഥൻ ഹാജരാക്കിയിട്ടുണ്ട്.

click me!