സുരേഷിന് കൈക്കൂലി കൊടുക്കാത്തത് വിരലിലെണ്ണാവുന്നവർ മാത്രം, സാധാരണക്കാരുടെ നിസഹായവസ്ഥ മുതലെടുത്തു

By Web TeamFirst Published May 25, 2023, 9:32 AM IST
Highlights

വില്ലേജ് പരിധിയിലുള്ളത് സർവ്വെ പൂർത്തിയാക്കാത്ത പ്രദേശങ്ങളായതിനാൽ പ്രദേശവാസികൾക്ക് നിസാര കാര്യങ്ങൾക്ക് പോലും വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. ഇത് മുതലെടുത്ത് സുരേഷ് കുമാർ പലരിൽ നിന്നായി കൈപറ്റിയത് ലക്ഷക്കണക്കിന് രൂപയാണ്.

പാലക്കാട് : പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റൻറ് സുരേഷ് കുമാർ തഴച്ചു വളർന്നത് സാധാരണക്കാരുടെ നിസഹായവസ്ഥ മുതലെടുത്തെന്ന് വ്യക്തം. വില്ലേജ് പരിധിയിലുള്ളത് സർവ്വെ പൂർത്തിയാക്കാത്ത പ്രദേശങ്ങളായതിനാൽ പ്രദേശവാസികൾക്ക് നിസാര കാര്യങ്ങൾക്ക് പോലും വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. ഇത് മുതലെടുത്ത് സുരേഷ് കുമാർ പലരിൽ നിന്നായി കൈപറ്റിയത് ലക്ഷക്കണക്കിന് രൂപയാണ്. പ്രദേശത്ത് സുരേഷ് കുമാറിന് കൈക്കൂലി കൊടുക്കാത്തത് വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. 

കൂലിപ്പണി എടുത്തുണ്ടാക്കിയ പണം സുരേഷ് കുമാറിന് കൈക്കൂലിയായി നൽകിയ അനുഭവമാണ് പാലക്കയത്തെ തങ്കച്ചനുള്ളത്. തങ്കച്ചനെ പോലെ വില്ലേജ് അസിസ്റ്റന്റ് സുരേഷിന് വിവിധ ആവശ്യങ്ങൾക്കായി കൈക്കൂലി കൊടുക്കാത്തവർ പാലക്കയത്തെ ഒരു വീട്ടിൽ പോലും ഉണ്ടാകില്ല. തച്ചമ്പാറ, തെങ്കര, കരിമ്പ, കാഞ്ഞിരപ്പാറ എന്നീ പഞ്ചായത്തുകളിലെ മലയോര മേഖല ഉൾപ്പെടുന്നതാണ് പാലക്കയം വില്ലേജ് ഓഫീസ്. അട്ടപ്പാടിയുടെ പ്രവേശന കവാടമായ ആന മൂളി മുതൽ മുണ്ടൂർ വരെ വ്യാപിച്ചു കിടക്കുന്നതാണ് ഇതിന്റെ ദൂരപരിധി. 30 കിലോമീറ്ററെങ്കിലും സഞ്ചരിച്ചാലേ ഇവിടെയുള്ളവർക്ക് പാലക്കയം വിലേജ് ഓഫീസിൽ എത്താനാകൂ. കൂലിപ്പണിക്കാരും ടാപ്പിംഗ് തൊഴിലാളികളും കൃഷിക്കാരും അടങ്ങുന്ന പ്രദേശവാസികൾ ഒരു ദിവസത്തെ പണി മാറ്റിവെച്ചാകും വില്ലേജ് ഓഫീസിൽ ഓരോ ആവശ്യങ്ങൾക്കായി എത്തുക. കൈക്കൂലി നൽകിയില്ലെങ്കിൽ ഇത്രയും ദൂരം പിന്നെയും വരേണ്ടി വരും. അതിനാൽ കടം വാങ്ങിയാണെങ്കിലും കൈക്കൂലി നൽകും. 

കൈക്കൂലിയിടപാടുകൾ ഫോണിൽ പറയില്ല, എല്ലാം നേരിട്ട് മാത്രം; വില്ലേജ് ഓഫീസിലെ കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം

പ്രദേശമാകെ സർവെ ചെയ്യാതെ കിടക്കുന്നതിനാൽ ഓരോരോ ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും വില്ലേജ് ഓഫീസ് കയറിയിറങ്ങാതെ പറ്റില്ല. സ്വന്തം പറമ്പിലെ ഒരു മരം വെട്ടാൻ പോലും വില്ലേജ് ഓഫീസിൽ നിന്ന് 'പൊസഷൻ സർട്ടിഫിക്കറ്റ് വേണം. എങ്കിലേ വനം വകുപ്പിൻ്റെ N 0C കിട്ടൂ' മക്കളുടെ വിവാഹത്തിനും വിദ്യാഭ്യസന്തിനുമൊക്കെ ബാങ്ക് വായ്പ കിട്ടാനും സർട്ടിഫിക്കറ്റുകൾ വെവ്വേറെ വേണം. കാര്യങ്ങൾ അടിയന്തിരമായി നടത്തേണ്ടതുകൊണ്ട് പരാതി നൽകാൻ ആരും ഇതുവരെ മെനക്കെട്ടില്ല.അതിനാൽ സുരേഷ് കുമാർ തഴച്ചു വളർന്നു. 

 

click me!