
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനും പങ്കെന്ന് ടി ഒ സൂരജ് ഹൈക്കോടതിയിൽ പറഞ്ഞു. കരാർ വ്യവസ്ഥയിൽ ഇളവ് ചെയ്യാനും കോടിക്കണക്കിന് രൂപ പലിശ ഇല്ലാതെ മുൻകൂർ നൽകാനും ഉത്തരവിട്ടത് അന്നത്തെ മന്ത്രിതന്നയെന്ന് കേസില്‍ റിമാൻഡിൽ കഴിയുന്ന ടി ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചു. കേസിലെ മുഖ്യപ്രതിതന്നെ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അന്വേഷണം ഇബ്രാഹിം കുഞ്ഞിനെ കേന്ദ്രീകരിച്ചായി.
19 ദിവസമായി റമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി സൂരജ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യ ഹർജിയിലാണ് മുൻ പൊതുമരാമത്ത് മന്ത്രിക്കെതിരെ രൂക്ഷമായ ആരോപണം ഉള്ളത്. താനല്ല അഴിമതി നടത്തിയതെന്നും വിജിലൻസ് ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് വികെ ഇബ്രാഹിം കുഞ്ഞാണെന്നുമാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
കരാറിന് വിരുദ്ധമായി എട്ട് കോടി 25 ലക്ഷം രൂപ ആർഡിഎസ് കമ്പനിക്ക് നൽകിയെന്നത് ശരിയാണ് . എന്നാൽ ആ തീരുമാനം തന്‍റേതായിരുന്നില്ല. ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നൽകാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുമുണ്ട്. മുൻകൂർ പണത്തിന് പലിശ ഈടാക്കാനുള്ള നിർദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാൽ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാൻ ഉത്തരവിൽ കുറിപ്പെഴുതിയതെന്നും ടി ഒ സൂരജ് വ്യക്തമാക്കുന്നു.
പലിശ കുറച്ച് കരാറുകാരന് മുൻകൂർ പണം നൽകിയതിനായിരുന്നു തന്‍റെ അറസ്റ്റ്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തത് താനല്ലെന്നും അന്നത്തെ പൊതുമരാമത്ത് മന്ത്രിയാണെന്നുമാണ് കേസിലെ ടി ഒ സൂരജിന്‍റെ നിലപാട്. ഇബ്രാഹിം കുഞ്ഞിനെതിരെ കടുത്ത നടപടികൾക്ക് വിജിലൻസ് നീങ്ങുന്നതിനിടെയാണ് കേസിൽ അറസ്റ്റിലായ സൂരജ് തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam