പാലാരിവട്ടം പാലം അഴിമതി; പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലൻസ്

By Web TeamFirst Published Aug 31, 2019, 6:15 AM IST
Highlights

സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്നു സർക്കാർ‌ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലത്ത പാലം പണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 

കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണ അഴിമതിയിൽ പ്രതികൾ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലൻസ്. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ വിജിലൻസ് ഇന്ന് കോടതിയില്‍ അപേക്ഷ നൽകും.

പാലം നിർമ്മിച്ച ആർ ഡി എസ് പ്രോജക്റ്റ്സ് ലിമിറ്റഡ് ഉടമ സുമിത് ഗോയലിനെ ഒന്നാം പ്രതിയും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മുന്‍ എജിഎം എം ടി തങ്കച്ചൻ, കിറ്റ്കോ ജോയിൻറ് ജനറൽ മാനേജർ ബെന്നി പോൾ, മുൻ പൊതു മരാമത്തെ സെക്രട്ടറി ടി ഒ സൂരജ് എന്നിവരെ രണ്ടു മുതൽ നാലുവരെ പ്രതികളുമാക്കിയാണ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. പ്രതികളെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

സാമ്പത്തിക ലാഭത്തിനായി കരാറുകാരനും മൂന്നു സർക്കാർ‌ ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തി ഗുണനിലവാരമില്ലത്ത പാലം പണിതെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് വിജിലൻസിൻറെ തീരുമാനം. അതേസമയം, മൂവാറ്റുപുഴ സബ് ജയിലിൽ കഴിയുന്ന പ്രതികളുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.  

click me!