പാലാരിവട്ടം പാലം ഇന്ന് പൊളിച്ചു തുടങ്ങും; ആദ്യ ദിവസങ്ങളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളില്ല

By Web TeamFirst Published Sep 28, 2020, 6:32 AM IST
Highlights

ആദ്യ ദിവസങ്ങളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ഡിഎംആർസി, പൊലീസ്, ദേശീയപാതാ അതോറിറ്റി എന്നിവര്‍ ഇന്ന് രാവിലെ നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തില്‍ തീരുമാനമുണ്ടാവുക.

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കല്‍ ഇന്ന് രാവിലെ തുടങ്ങും. ആദ്യ ദിവസങ്ങളില്‍ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമില്ല. ഡിഎംആർസി, പൊലീസ്, ദേശീയപാതാ അതോറിറ്റി എന്നിവര്‍ ഇന്ന് രാവിലെ നടത്തുന്ന സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും ഗതാഗത നിയന്ത്രണത്തില്‍ തീരുമാനമുണ്ടാവുക.

ഡിഎംആർസിയുടെ  മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് പാലം പണിയുന്നത്. 661 മീറ്റര്‍ ദൂരം വരുന്ന പാലത്തിന്‍റെ ടാറ് ഇളക്കിമാറ്റുന്നതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. 4 ദിവസം കൊണ്ട് ഈ ജോലി തീരും. ഈ സമയം പാലത്തിന്‍റെ രണ്ട് വശങ്ങളിലൂടെയും വാഹനം കടത്തിവിടും. കൊച്ചി ഡിസിപി ജി. പൂങ്കുഴലിയും ഡിഎംആർസി ചീഫ് എൻജിനീയര്‍ കേശവ് ചന്ദ്രനും ദേശീയ പാതാ അതോറിറ്റി, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥരും പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് 10 മണിയോടെ സംയുക്ത പരിശോധന നടത്തുന്നുണ്ട്. വരുംദിവസങ്ങളിലെ വാഹന നിയന്ത്രണം എങ്ങനെ വേണമെന്ന് ഈ പരിശോധനയിലാകും തീരുമാനിക്കുക.

 യാത്രക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. രാത്രിയും പകലും പാലം നിര്‍മ്മാണ ജോലികള്‍ നടക്കും. പ്രധാന ജോലികള്‍ രാത്രിയില്‍ നടത്താനാണ് ആലോചന. അടുത്തയാഴ്ച തന്നെ ഗര്‍ഡറുകള്‍ നീക്കുന്ന ജോലിയും തുടങ്ങും. 8 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

click me!