തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം ഉണ്ടായിട്ടുണ്ട്; തുറന്ന് സമ്മതിച്ച് പാലോളി മുഹമ്മദ് കുട്ടി

By Web TeamFirst Published Jan 14, 2021, 6:44 PM IST
Highlights

ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് സിപിഎമ്മിന് സ്വീകാര്യമല്ല. അപകടകരമായ ഇവരുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാർ സംഘടനകൾക്ക് ശക്തി പകരുന്നതാണെന്നും പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

മലപ്പുറം: കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം ഉണ്ടായിട്ടുണ്ട് എന്ന് തുറന്നു സമ്മതിച്ച് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ജമാഅത്തെ ഇസ്ലാമി നേരത്തെ ഇടതു മുന്നണിക്ക് വോട്ടു തന്നിട്ടുണ്ടെന്ന്  മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. 

സഖ്യവും ധാരണയുമൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി  സിപിഎം നേതാക്കൾ സംസാരിച്ചിട്ടുണ്ട്. തദ്ദേശഭരണ തെരെഞ്ഞെടുപ്പിലും നിയമസഭ, ലോക്സഭ തെരെഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമി ഇടതു മുന്നണിക്ക് വോട്ട് തന്നിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി വോട്ടുകൾ അന്ന് ഇടതു മുന്നണിക്ക് സഹായകരമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി വോട്ടു കൊണ്ട് പല പഞ്ചായത്തുകളും ഇടതുമുന്നണിക്ക് പണ്ട് കിട്ടിയിട്ടുണ്ട്. അക്കാലത്തെ കോൺഗ്രസിൻ്റെ കേന്ദ്ര  സർക്കാരിനെതിയുള്ള നിലപാടു കൊണ്ടും അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ സിപിഎം സ്വീകരിക്കുന്ന നിലപാടും പരിഗണിച്ചാണ് അന്ന് ജമാഅത്തെ ഇസ്ലാമി ഇടതു മുന്നണിക്ക് വോട്ട് ചെയ്തിരുന്നത്. 

പിന്നീട് കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതോടെ ജമാഅത്തെ ഇസ്ലാമി നിലപാട് മാറ്റി. ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് സിപിഎമ്മിന് സ്വീകാര്യമല്ല. അപകടകരമായ ഇവരുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാർ സംഘടനകൾക്ക് ശക്തി പകരുന്നതാണെന്നും പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!