പ്രളയത്തിലൊഴുകി വന്ന മണല്‍ ദേവസ്വം ബോര്‍ഡിന്‌ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം

By Web TeamFirst Published May 22, 2019, 9:15 AM IST
Highlights

20,000 ക്യുബിക്‌ അടി മണലാണ്‌ ദേവസ്വം ബോര്‍ഡിന്‌ സൗജന്യമായി നല്‍കുക.

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ ഒഴുകിയെത്തി പമ്പാതീരത്ത്‌ അടിഞ്ഞുകൂടിയ മണല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‌ സൗജന്യമായി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 20,000 ക്യുബിക്‌ അടി മണലാണ്‌ ദേവസ്വം ബോര്‍ഡിന്‌ സൗജന്യമായി നല്‍കുക. ബാക്കി വരുന്ന മണല്‍ കേന്ദ്രപൊതുമരാമത്ത്‌ വകുപ്പ്‌ നിര്‍ദേശിച്ചിട്ടുള്ള വിലയ്‌ക്കനുസരിച്ച്‌ ആവശ്യക്കാര്‍ക്ക്‌ നല്‍കാനും തീരുമാനമായി.

സര്‍ക്കാരില്‍ നിന്ന്‌ സൗജന്യമായി ലഭിക്കുന്ന മണല്‍ പമ്പയില്‍ വിവിധ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന്‌ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ദേവസ്വം ബോര്‍ഡ്‌ ചെയര്‍മാന്‍ എ പദ്‌മകുമാര്‍ പറഞ്ഞു. പ്രളയത്തില്‍ നിരവധി നാശനഷ്ടങ്ങളാണ്‌ പമ്പയിലുണ്ടായത്‌. അയ്യായിരം പേരെ ഉള്‍ക്കൊള്ളുന്ന അഭയകേന്ദ്രം, മേല്‍ക്കൂരയോടുകൂടിയ നടപ്പന്തല്‍, 270ലധികം ശുചിമുറികള്‍ തുടങ്ങിയവ പ്രളയത്തില്‍ തകര്‍ന്നിരുന്നു.

സര്‍ക്കാര്‍ തീരുമാനം ആശ്വാസം നല്‍കുന്നതാണെന്നും അല്ലാത്തപക്ഷം കോടിക്കണക്കിന്‌ രൂപ മണല്‍ വാങ്ങാന്‍ മാത്രം ബോര്‍ഡ്‌ ചെലവാക്കേണ്ട അവസ്ഥ ഉണ്ടായേനെ എന്നും ദേവസ്വം ബോര്‍ഡ്‌ അധികൃതര്‍ പ്രതകരിച്ചു. ദേവസ്വം വക സ്ഥലത്ത്‌ കയ്യേറ്റം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം ദേവസ്വം ബോര്‍ഡ്‌ ട്രിബ്യൂണലിന്‌ നല്‍കിക്കൊണ്ടുള്ള നിയമം കൊണ്ടുവരാനുള്ള ബില്ലിന്‌ രൂപം നല്‍കാനും കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്‌.

click me!