സമസ്ത വിലക്ക് അവഗണിച്ചു; പാണക്കാട് ഹമീദലി തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തു

Published : Oct 20, 2022, 03:07 PM IST
സമസ്ത വിലക്ക് അവഗണിച്ചു; പാണക്കാട് ഹമീദലി തങ്ങൾ വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുത്തു

Synopsis

ആരുടെയും മോഹവലയത്തിൽ അകപ്പെട്ട് വോട്ട് ബാങ്ക് ഭിന്നിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുതെന്നും പാണക്കാട് കുടുംബത്തിന്റെതാണ് യഥാർത്ഥ നേതൃത്വമെന്നും ഹക്കീം ഫൈസി ആദൃശേരി വ്യക്തമാക്കി

കോഴിക്കോട്: സമസ്ത വിലക്ക് ലംഘിച്ച്, പാണക്കാട് ഹമീദലി തങ്ങൾ കോഴിക്കോട് നടക്കുന്ന വാഫി വഫിയ്യ  സമ്മേളനത്തിൽ പങ്കെടുത്തു. സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റാണ് ഹമീദലി തങ്ങൾ. പോഷക സംഘടന നേതാക്കൾ സി ഐ സിയുടെ പരിപാടിയിൽ നിന്നും വിട്ടു നിൽക്കണമെന്ന് സമസ്ത ആവശ്യപെട്ടിരുന്നു. ഇത് മറികടന്നാണ് ഹമീദലി തങ്ങൾ പരിപാടിക്കെത്തിയത്.

പാണക്കാട് കുടുംബത്തിന്റെതാണ് യഥാർത്ഥ നേതൃത്വം എന്ന് പരിപാടിയുടെ സന്ദേശ പ്രസംഗത്തിൽ സി ഐ സി ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരി വ്യക്തമാക്കി. ആരുടെയും മോഹവലയത്തിൽ അകപ്പെട്ട് വോട്ട് ബാങ്ക് ഭിന്നിച്ചു പോകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് നടക്കുന്ന ബിരുദ ദാന സമ്മേളനത്തിൽ പാണക്കാട് സാദിഖലി തങ്ങൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് സൂചന.

വാഫി വഫിയ്യ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന സമസ്ത നിലപാട് നേരത്തെ മുസ്ലിം ലീഗിനെ വെട്ടിലാക്കിയിരുന്നു. വാഫി കോഴ്സിന് ചേരുന്ന പെൺകുട്ടികളുടെ വിവാഹ വിലക്കടക്കം സമസ്ത നി‍ർദ്ദേശിച്ച കാര്യങ്ങൾ നടപ്പാക്കത്തതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ലീഗാണ് ആദൃശ്ശേരിക്ക് പിന്നിലെന്നാണ് സമസ്ത കരുതുന്നത്. എന്നാൽ സമസ്തയുടെ വിലക്ക് മാനിക്കാതെ പാണക്കാട് മുനവ്വറലി തങ്ങൾ, അബ്ബാസലി തങ്ങൾ എന്നിവർ കലോത്സവത്തിന് ആശംസ നേ‍ർന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടത് തന്നെ വലിയ തോതിൽ ചർച്ചയായിരുന്നു.  

സാംസ്കാരിക കൈരളിയുടെ ചരിത്രത്തിലെ മഹത്തായ ഏടാണ്  പരിപാടിയെന്നായിരുന്നു പാണക്കാട് മുനവ്വറലി തങ്ങൾ, സമസ്ത വിലക്കിയ പരിപാടിക്ക് നേർന്ന ആശംസയിൽ പറഞ്ഞത്. ഹക്കിം ഫൈസി നേതൃത്വം നൽകുന്ന   സിഐസി എന്ന മതവിദ്യാഭ്യാസ സ്ഥാപനം പാണക്കാട് സാദിഖലി തങ്ങളുടെ മുൻകൈയിൽ  സമസ്ത നേതൃത്വം മുന്നോട്ട് വെച്ച എല്ലാ സമവായ നീക്കങ്ങളും തള്ളിക്കളഞ്ഞുവെന്നും സമസ്ത ആക്ഷേപിക്കുന്നു.

എന്നാൽ പാണക്കാട് കുടുംബത്തിന്‍റെയും മുസ്ലിം ലീഗിലെ വലിയൊരു വിഭാഗത്തിന്‍റെയും പിന്തുണയോടെയാണ് ആദൃശ്ശേരി ഹക്കീം ഫൈസിയുടെ നേതൃത്വത്തിൽ ഇപ്പോഴത്തെ നീക്കങ്ങളെന്നാണ് സമസ്ത കരുതുന്നത്. അതിനാൽ തന്നെയാണ് പരിപാടിക്ക് വിലക്കേർപ്പെടുത്തിയത്. സമസ്തയുടെ യുവജന വിദ്യാർത്ഥി വിഭാഗങ്ങൾ സിഐസിക്കെതിരെ നൽകിയ പരാതികളിലാണ്  മുശാവറ സർക്കുലർ പുറത്തിറക്കിയത്.  

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം