
രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണെന്ന് പാണക്കാട് തങ്ങൾ. സമൂഹത്തിൽ നിലനിന്നിരുന്ന അമ്പരപ്പിക്കുന്ന ഉച്ചനീചത്വങ്ങൾ കണ്ടാണ് സ്വാമി വിവേകാനന്ദൻ പണ്ട് കേരളത്തെ ഭ്രാന്താലയമാണെന്ന് വിളിച്ചത്. മഹാന്മാരായ പരിഷ്‌ക്കർത്താക്കളുടെ നിരന്തര ശ്രമത്തിലൂടെയാണ് കേരളം ആ അവസ്ഥയെ അതിജീവിച്ചത്. പുറമെ പുരോഗമനം നടിക്കുന്ന കേരളീയർക്കിടയിൽ ഇപ്പോഴും പഴയ വിഷവിത്ത് നിലനിൽക്കുന്നു എന്നാണ് ഇന്നത്തെ നരബലി വാർത്ത തെളിയിക്കുന്നത്.
രണ്ട് സ്ത്രീകളെ നരബലിക്ക് വേണ്ടി കഴുത്തറുത്ത് കൊന്നു എന്നത് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ്. സാക്ഷര, സാംസ്‌കാരിക കേരളം നാണക്കേട് കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലാണ്. കേരളത്തിൽ ഇങ്ങനെ സംഭവിക്കാനിടയായ കാരണങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കണം. ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാനുള്ള ബോധവൽക്കരണം സമൂഹത്തിൽ ശക്തിപ്പെടുത്തണം. ഇങ്ങനെയുള്ള തെറ്റായ പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുത്ത് തോൽപ്പിക്കണമെന്നും പാണക്കാട് തങ്ങള്‍ അഭിപ്രായപ്പെട്ടു.
പത്തനംതിട്ടയിലെ ഇലന്തൂരിലാണ് കേരളത്തെ നടുക്കി പത്തനംതിട്ടയിൽ ഇരട്ട നരബലി നടന്നത്. സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി രണ്ട് സ്ത്രീകളെ ബലി നൽകിയ പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിനെയും കൂട്ടുനിന്ന ഭാര്യ ലൈലയെയും ഇവർക്ക് ഉപദേശം നൽകുകയും സ്ത്രീകളെ എത്തിച്ച് നൽകുകയും ചെയ്ത കടവന്ത്ര സ്വദേശി മുഹമ്മദ് ഷാഫി എന്ന റഷീദിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. ലോട്ടറി വില്‍പനക്കാരായിരുന്ന രണ്ട് സ്ത്രീകളെയാണ് ഇവര്‍ നരബലി കൊടുത്തത്. പത്മ, റോസിലി എന്നിവരെയാണ് ഭഗവൽ സിംഗിന്റെ വീട്ടിൽവെച്ച് ഇവർ മൂവരും ചേർന്ന് പൈശാചികമായി കൊലപ്പെടുത്തിയത്. ജൂണിലും സെപ്റ്റംബറിലുമായായിരുന്നു കൊലപാതകം.