
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ ജിഎസ്‍ടി ക്രമക്കേടെന്ന് ഓംബുഡ്സ്മാന്‍ നിര്‍ദ്ദേശ പ്രകാരം പരിശോധന നടത്തിയ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തൽ. തിരുവനന്തപുരം പനവൂര്‍ പഞ്ചായത്തിലെ പരിശോധനയിലാണ് സാമഗ്രികകള്‍ വിതരണം ചെയ്തവര്‍ക്ക് അനര്‍ഹമായി ജിഎസ്‍ടി ഇനത്തിൽ പണം നൽകിയെന്നാണ് കണ്ടെത്തിയത്. കോമ്പോസിഷൻ സ്കീമിലുള്ളവര്‍ക്ക് ഉപഭോക്താക്കളിൽ നിന്ന് ജിഎസ്ടി പിരിക്കാനാവില്ല. വിറ്റുവരവിൽ നിന്ന് നികുതി സര്‍ക്കാരിന് അടയ്ക്കുകയാണ് വേണ്ടത്. എന്നാൽ, തൊഴിലുറപ്പ് പദ്ധതി പ്രകാരം സാമഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ജിഎസ്ടി നൽകുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ ഓംബുഡ്സ്മാൻ നിര്‍ദ്ദേശ പ്രകാരം പനവൂര്‍ പഞ്ചായത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
രണ്ടു റോഡുകളിൽ കോണ്‍ക്രീറ്റിടാനായി സാമഗ്രികള്‍ വിതരണം ചെയ്തവര്‍ക്ക് മൂന്നു ലക്ഷത്തോളം രൂപയാണ് ജിഎസ്ടിയായി നൽകിയത് . കോമ്പോസിഷൻ സ്കീമിലുള്ളവര്‍ക്ക് ഇത്രയും തുക സര്‍ക്കാരിലേയ്ക്ക് അടക്കേണ്ടി വരില്ല. ജിഎസ്ടി രജിസ്ട്രേഷൻ കോമ്പോസിഷൻ സ്കീമാണെന്ന് ശ്രദ്ധിച്ചില്ലെന്നും ജിഎസ്ടി തിരിച്ചുപിടിക്കുമെന്നുമാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് ഗ്രാമപഞ്ചായത്ത് നൽകിയ മറുപടി.
ഇതിനുപുറമെ കരാറുകാരിൽ നിന്ന് പിരിക്കേണ്ട ജിഎസ്ടി പിരിച്ച് സര്‍ക്കാരിലേയ്ക്ക് അടച്ചിട്ടില്ലെന്നും കണ്ടെത്തി. 18 നിര്‍മാണ പ്രവൃത്തികളിലാണ് ഒന്നേകാൽ ലക്ഷത്തോളം കരാറുകാരിൽ നിന്ന് പഞ്ചായത്ത് പിരിക്കാത്തത്. ഇവിടെയും സര്‍ക്കാരിന് ജിഎസ്ടി നഷ്ടമാണ്. അന്തിമ ബിൽ പ്രകാരമുള്ള ജിഎസ്ടി നൽകിയെന്ന് ഉറപ്പാക്കിയേ ബിൽ സെറ്റിൽ ചെയ്യാൻ പാടുകയുള്ളുവെന്ന നിര്‍ദ്ദേശമുണ്ടായിരുന്നിട്ടും ഇത് പാലിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. കോണ്‍ക്രീറ്റ് ജോലികള്‍ക്ക് സിമന്‍റ് നൽകുമ്പോള്‍ ബില്ലിൽ ബ്രാന്‍ഡിന്‍റെയും ഒാരോ ചാക്കിന്‍റെയും നിരക്കും ആകെ ചാക്കുകളുടെ എണ്ണവും രേഖപ്പെടുത്തണമെന്ന മിഷൻ ഡയറക്ടറുടെ നിര്‍ദ്ദേശവും കാറ്റിൽ പറന്നു. 2022 മുതൽ 2024 വരെയുള്ള കാലത്തെ പഞ്ചായത്തിൽ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതികളെക്കുറിച്ചാണ് ലോക്കൽ ഫണ്ട് ഓഡിറ്റ് പരിശോധന നടത്തിയത്. കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ ജിഎസ്ടി ക്രമക്കേടിനെക്കുറിച്ച് പരിശോധന വേണമെന്നാണ് ആവശ്യം.