ശബരിമലയിൽ അയ്യപ്പന്റെ പഞ്ചലോഹ വി​ഗ്രഹം: വ്യവസായിക്ക് നൽകിയ അനുമതി പിൻവലിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്

Published : Aug 07, 2025, 01:56 PM IST
Sabarimala

Synopsis

പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയെത്തിയതിനെ തുടർന്നാണ് നടപടി.

കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ അങ്കണത്തിൽ സ്വാമി അയ്യപ്പന്റെ പഞ്ചലോഹവി​ഗ്രഹം സ്ഥാപിക്കാൻ സ്വകാര്യ വ്യക്തിക്ക് നൽകിയ അനുമതി തിരുവിതാംകൂർ ദേവസ്വം ബോർഡ് പിൻവലിച്ചു. തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇ കെ സഹദേവന് നൽകിയ അനുമതി പിൻവലിച്ചതായി ഹൈക്കോടതിയെ ദേവസ്വം ബോർഡ് അറിയിച്ചു. 

പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, സ്വകാര്യ വ്യക്തി അനുമതിയില്ലാതെ പണം പിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ പരാതിയെത്തിയതിനെ തുടർന്നാണ് നടപടി.

കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അനുമതിയില്ലാതെ പണം പിരിക്കുന്നതും, അക്കൗണ്ട് വിവരങ്ങൾ പങ്കുവെച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ കോടതിയുടെ പരിഗണനയിലുണ്ട്.

വിഗ്രഹത്തിന്റെപേരിൽ നടന്ന പണപ്പിരിവ് സംബന്ധിച്ച പോലീസ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഹർജി സെപ്റ്റംബർ 10-ന് പരിഗണിക്കാൻ മാറ്റി.

തമിഴ്നാട് ഈ റോഡിലെ ലോട്ടസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഇകെ സഹദേവനാണ് പഞ്ചലോഹവി​ഗ്രഹത്തിൻ്റെ പേരിൽ വൻതുക സംഭാവന പിരിച്ചത്. ദേവസ്വം ബോർഡ് നൽകിയ അനുമതിയുടെ പേരിലായിരുന്നു പണപ്പിരിവ്. എങ്ങനെയാണ് ഇത്തരമൊരു കാര്യത്തിന് അനുമതി നൽകുകയെന്നും അക്കൗണ്ട് നമ്പർ വഴി പണം പിരിക്കുകയെന്നും കോടതി ചോദിച്ചു. തുടർന്നാണ് അനുമതി പിൻവലിച്ചതായി ബോർഡ് അറിയിച്ചത്.

 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും