Marriage Certificate Application: വിവാഹ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിട്ട് 62 ദിവസം; നല്‍കാതെ പഞ്ചായത്ത്

By K G BaluFirst Published Nov 30, 2021, 3:20 PM IST
Highlights

" ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്‍റ് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്. ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല " എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്ന് അങ്ങനെ പറഞ്ഞത്. 


കോട്ടയം: അപേക്ഷ സമര്‍പ്പിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ കൊടുക്കേണ്ട വിവാഹ സര്‍ട്ടിഫിക്കറ്റിന് രണ്ട് മാസവും രണ്ട് ദിവസവും കഴിഞ്ഞിട്ടും മറുപടി നല്‍കാതെ കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്ത്. ദേശീയ സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ സ്വന്തമാക്കിയ സഖറിയാ ജോസഫിനാണ് പഞ്ചായത്ത് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. 

" ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്‍റ് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്. ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല " എന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അനാവശ്യമായി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നെന്ന പരാതികള്‍ നിരന്തരം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി അന്ന് അങ്ങനെ പറഞ്ഞത്. എന്നാല്‍ ഇന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ യാതൊരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് സഖറിയാ ജോസഫ് പറയുന്നു. 

കോട്ടയം ജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ താമസക്കാരനാണ് സഖറിയാ ജോസഫ്. അദ്ദേഹത്തിന്‍റെ മകള്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ  23 നായിരുന്നു മകളുടെ ബിരുദദാന ചടങ്ങ്. ആ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഫാമിലി വിസക്ക് അപേക്ഷ നല്‍കുന്നതിന് വേണ്ടിയാണ് സഖറിയാ ജോസഫ് , ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ കഴിഞ്ഞ സെപ്തംബർ 29-ന് നല്‍കിയത്. അതിനായി അദ്ദേഹം തന്‍റെ വോട്ടർ ഐഡി, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് ഇത്രയും വിവരങ്ങള്‍ സമര്‍പ്പിച്ചു. അപ്പോള്‍, അപേക്ഷയില്‍ ഉള്‍പ്പെടുത്താതിരുന്ന എസ്എസ്എല്‍സി ബുക്ക് ഉണ്ടെങ്കില്‍ മാത്രമേ ജനനതിയതി തെളിയിക്കാന്‍ പറ്റൂവെന്നായി പഞ്ചായത്ത് അധികൃതര്‍. അത് സംഘടിപ്പിച്ചപ്പോള്‍ എസ്എസ്എല്‍സി ബുക്കിലെ പേര് മാറ്റം പ്രശ്നമാണെന്നും സര്‍ട്ടിഫിക്കറ്റ് തരാന്‍ പറ്റില്ലെന്നുമായി ഉദ്യോഗസ്ഥര്‍. തുടര്‍ന്ന് പേര് മാറ്റിയെന്ന് തെളിയിക്കുന്ന ഗസറ്റ് വിജ്ഞാപനത്തിന്‍റെ കോപ്പി നല്‍കിയെങ്കിലും സഖറിയാ ജോസഫ് എന്ന പേരില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്നും മറിച്ച് സ്കറിയാ ജോസഫ് എന്ന എസ്എസ്എല്‍സി ബുക്കിലുള്ള പേരില്‍ മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയൂവെന്നും പറഞ്ഞിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍. ഇതിനിടെ രണ്ട് മാസവും രണ്ട് ദിവസവും കടന്ന് പോയി. മകളുടെ ബിരുദദാന ചടങ്ങും കഴിഞ്ഞു. എന്നിട്ടും തനിക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് മാത്രം ലഭിച്ചില്ലെന്ന് സഖറിയാ ജോസഫ് പറയുന്നു. 

11.12.1989 ലാണ് തന്‍റെ വിവാഹം നടന്നത്. അക്കാലത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന നിയമം ഇല്ലായിരുന്നു. എന്നാല്‍, പിന്നീട് ആ നിയമം സര്‍ക്കാര്‍ കൊണ്ടുവന്നു. എന്നാല്‍, തനിക്കത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് സഖറിയാ തോമസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. തുടര്‍ന്ന് ഇപ്പോള്‍ അപേക്ഷിച്ചപ്പോള്‍, അപേക്ഷ നല്‍കാന്‍ വൈകിയതിനുള്ള ഫൈനും അടച്ചു. പക്ഷേ ഓരോ ദിവസം പഞ്ചായത്ത് ഓഫീസിലേക്ക് ചെല്ലുമ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് അധികൃതര്‍ വൈകിക്കുകയാണെന്നും സഖറിയ പറയുന്നു. 


സഖറിയാ ജോസഫിന്‍റെ ഫേസ്ബുക്ക് കുറിപ്പ് : 


ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഒരു തുറന്ന കത്ത്. എന്‍റെ പേര് സഖറിയ പൊൻകുന്നം. ഒഫീഷ്യൽ - സഖറിയ ജോസഫ്. കഴിഞ്ഞ 45 വർഷമായി കേരളത്തിലെ ഫോട്ടോഗ്രാഫി രംഗത്ത് എന്‍റെതായ സംഭാവനകൾ നൽകി ജീവിക്കുന്ന ഒരു ഫോട്ടോഗ്രാഫർ. സംസ്ഥാന സർക്കാരിന്‍റെ ഫോട്ടോഗ്രാഫി അവാർഡ് ഉൾപ്പെടെ ദേശീയ സംസ്ഥാന തലത്തിൽ 78 അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇത്തവണ കേരള ലളിതകലാ അക്കാഡമി ഫോട്ടോഗ്രാഫി ജൂറി അംഗവുമായിരുന്നു. ഇനി എന്‍റെ ജീവിത പ്രശ്നത്തിലേക്ക്. " ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറന്‍റ് ഫയലും എഴുതി കാലതാമസം വരുത്തി പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന മനോഭാവമുള്ള അപൂർവ്വം സർക്കാർ ഉദ്യോസ്ഥർ ഇന്നുമുണ്ട്. ഇത് ആധുനിക സമൂഹത്തിന്ന് ചേർന്നതല്ല " ഈ വാക്കുകൾ അങ്ങ് പറഞ്ഞതാണ്. ഇത് ഇവിടെ എഴുതാൻ കാരണം എന്‍റെ മാര്യേജ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നമാണ്. 2021 സെപ്തംബർ 29-ന് എന്‍റെ മാര്യേജ് സർട്ടിഫിക്കറ്റിനായി എന്‍റെ പഞ്ചായത്തായ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ നിയമപ്രകാരമുള്ള അപേക്ഷ ഞാൻ കൊടുക്കുന്നു. ഇന്ന് നവംബർ 30. ഇന്നു വരെ എനിക്ക് ആ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. സെപ്റ്റംബർ 29-ന് ഞാൻ കൊടുത്ത അപേക്ഷ വാങ്ങി വെച്ചിട്ട് മൂന്നാഴ്ചക്ക് ശേഷം എന്നെ വിളിച്ച് എന്‍റെ അപേക്ഷയിൽ ഭാര്യയുടെ പേരിനോട് സഖറിയ എന്നു ചേർത്തത് തെറ്റാണെന്നും പുതിയ അപേക്ഷ വെക്കണമെന്നും പറയുന്നു. വീണ്ടും ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ്, വീണ്ടും രണ്ടു സാക്ഷികളെ ഒപ്പിടീക്കൽ എല്ലാം നടത്തി സമർപിച്ചു. നിരന്തരമായി ഓഫിസ് കയറിയിറങ്ങി. പഞ്ചായത്ത് ഓഫിസിൽ നിന്നും വെറും നൂറു വാരമാത്രം ദൂരമേയുള്ളു എന്‍റെ വീട്ടിലേക്ക്. അതു കൊണ്ട് വണ്ടിക്കൂലി ലാഭം. ഇവിടെ എപ്പോൾ ചെന്നാലും പറയും അത് കോട്ടയത്ത് DDP ഓഫീസിൽ നിന്നും അപ്രൂവ് ചെയ്ത് വന്നിട്ടില്ല. ഏതാണ്ട് ഒന്നര മാസത്തിനു ശേഷം എന്നോട് എന്‍റെ എസ് എസ് എൽ സി ബുക്ക് ഹാജരാക്കണമെന്നും Date of Birth നോക്കാനാണെന്ന് പറയുന്നു. എന്‍റെ പാസ്സ് പോർട്ട്, ആധാർ കാർഡ്‌, എല്ലാം അപേക്ഷയോടൊപ്പം കൊടുത്തിട്ടുള്ളതാണ്. അതിൽ എല്ലാം എന്‍റെ Date of Birth 13/10/1958 ആണ്. അതു പോരാ ' അറുപതു വയസുകാരനായ ഞാൻ 45 കൊല്ലം മുമ്പുള്ള എന്‍റെ SSLCബുക്ക് ഹാജരാക്കാതെ സമ്മതിക്കില്ല. എന്നെ സംബന്ധിച്ച് SSLC ബുക്കുമായി ഞാൻ സർക്കാർ ഉദ്യോഗം തേടി നടന്ന ആളല്ല. കഴിഞ്ഞ 45 വർഷമായി എന്‍റെ ഫോട്ടോഗ്രഫി എന്ന തൊഴിൽ ചെയ്ത് ജീവിക്കുന്നു. അതിന് SSLC ബുക്കിന്‍റെ ആവശ്യമില്ല. 1983 ൽ ഞാൻ ആദ്യമായി പാസ്പോർട്ട് എടുക്കുമ്പോൾ അത് കാണിച്ചതായി ഓർമ്മയുണ്ട്. പിന്നീട് അത് എവിടെ എന്നു പോലും ഞാൻ തിരിഞ്ഞു നോക്കിയിട്ടില്ല. ഇവിടെ എന്‍റെ ചോദ്യം SSLC ബുക്ക് ഇല്ലാത്തവന് പെണ്ണുകെട്ടാൻ അവകാശമില്ലെ ? അവന് മാര്യേജ് സർട്ടിഫിക്കറ്റ് കൊടുക്കില്ലെ ? ഭാരത സർക്കാർ എനിക്കു തന്ന 2023 വരെ കാലാവധിയുള്ള എന്‍റെ പാസ്പോർട്ടിലെ Date of Birth പഞ്ചായത്തിന്ന് സ്വീകാര്യമല്ലെ ? എന്‍റെ സർക്കാർ എനിക്കു തന്ന ആധാർ കാർഡ് ഇവർക്ക് വിശ്വാസമില്ലെ ? വോട്ടർ ഐഡി സ്വീകാര്യമല്ലെ ? ഡ്രൈവിംഗ് ലൈസൻസ് വിശ്വാസമല്ലെ ? ഈ രേഖകൾക്ക് ഒന്നും വിശ്വാസതയില്ലെ ? ഇതിലൊന്നും എന്‍റെ  Date of Birth വ്യത്യസ്തമല്ല. എല്ലാം 13/10/1958. ഒടുവിൽ മടുത്ത് വീട്ടിലെ പഴയ അലമാരകൾ എല്ലാം തപ്പി. SSLC ബുക്ക് കിട്ടി ഹാജരാക്കി. അപ്പോൾ പുതിയ തടസവാദം. അതിൽ സ്കറിയ ജോസഫ് എന്നാണ് കിടക്കുന്നത്. അത് പിന്നിട് ഞാൻ നിയമപ്രകാരം തിരുത്തി സഖറിയ ജോസഫ് എന്നാക്കിയതിന്‍റെ രേഖകളും ഹാജരാക്കിയിട്ടും ഇവർക്ക് സ്വീകാര്യമല്ല. സ്കറിയ ജോസഫ് എന്ന പേരിലേ മാര്യേജ് സർട്ടിഫിക്കറ്റ് തരാൻ പറ്റു എന്ന നിർബന്ധത്താൽ എന്‍റെ അപേക്ഷ എല്ലാം തള്ളി. എന്‍റെ എല്ലാ ഔദ്യോഗികരേഖകളും സഖറിയ ജോസഫ് എന്നാണ്. എന്‍റെ പേരിലുള്ള വസ്തു ആധാരം ഞാൻ കരം അടക്കുന്നത്. ഈ പഞ്ചായത്തിൽ ഞാൻ വീട്ടുകരം അടക്കുന്നത് . എന്‍റെ സർക്കാർ എനിക്കു തന്ന വോട്ടർ ഐഡി റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, പാൻ കാർഡ്, പാസ്പോർട്ട് ഇത്രയും രേഖകൾ വെച്ച് ഒരു ഇൻഡ്യൻ പൗരൻ എന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇതൊന്നും വിശ്വസിക്കാൻ മനസ്സില്ലാത്ത സ്വീകരിക്കാൻ മനസ്സില്ലാത്ത ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർ - കോട്ടയം DDP യിലെ ഉദ്യോഗസ്ഥർ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ഇടതുപക്ഷം പൗരത്വ ബില്ലിനെ നഖശിഖാന്തം എതിർക്കുന്ന ഇടതുപക്ഷത്തിന്‍റെ പ്രസിഡണ്ട് ഭരിക്കുന്ന ഞങ്ങളുടെ പഞ്ചായത്തിൽ തന്നെ എന്‍റെ പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. ഇപ്പോൾ സഖറിയ ജോസഫ് എന്ന എന്നെ കൊണ്ട് ഇവർ പഴയ സ്കറിയ ജോസഫ് എന്ന പേരിൽ പുതിയ  അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ട് അത് സമർപ്പിച്ചിരിക്കയാണ്. ബഹുമാനപെട്ട മുഖ്യമന്ത്രീ, എനിക്ക് ഇതു മനസ്സിലാകുന്നില്ല ഞാൻ സ്കറിയ ജോസഫ് അല്ല സഖറിയ ജോസഫ് ആണ് . സ്കറിയ ജോസഫ് എന്ന പേരിൽ മാര്യേജ് സർട്ടി ഫിക്കറ്റ് എനിക്ക് വിലയില്ലാത്തതാണ്. ഒരു പൌരന് നീതി നടപ്പാക്കാനാണ് ഏറ്റം താഴെ തട്ടിലുള്ള പഞ്ചായത്ത് ശ്രമിക്കേണ്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ബ്ളോക്ക് പഞ്ചായത്തിന് ജില്ലാ പഞ്ചായത്തിന് നിയമസഭാ തെരഞ്ഞടുപ്പിന് ലോക്സഭാ തിരഞ്ഞെടുപ്പിന് എല്ലാം എന്‍റെ വീട്ടിൽ വന്ന് കുനിഞ്ഞു നിന്ന് വോട്ടു ചോദിച്ചവർ ആരും വോട്ട് ചെയ്യാൻ ചെന്നപ്പോൾ SSLC ബുക്ക് ചോദിച്ചിട്ടില്ല. അതിനെല്ലാം എന്‍റെ ID പ്രൂഫ് മതി . ഇതാണ് ജനാധിപത്യം. എന്‍റെ മകൾ ഉന്നത പഠനത്തിനായി ക്യാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിൽ ആണ് (UBC). അവളുടെ ബിരുദദാന ചടങ്ങിൽ മാതാപിതാക്കളായ ഞങ്ങൾ പങ്കെടുക്കേണ്ടതിന് ഫാമിലി വിസക്ക് വേണ്ടിയാണ് ഈ സർട്ടിഫിക്കറ്റിന്‍റെ പിറകേ നടന്നത്. ആ ചടങ്ങ് ഈ 23 ന് കഴിഞ്ഞു. ഇനി ഈ സർട്ടിഫിക്കറ്റ് എനിക്കെന്തിന് ?' ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം അതു കാണണമെന്ന്. മക്കളുടെ ആഗ്രഹം മാതാപിതാക്കൾ ഉണ്ടാകണമെന്ന്. അത് തല്ലിക്കൊഴിക്കാൻ നിയമത്തിന്‍റെ നൂലാമാലകൾ ഇഴകീറി പരിശോധിക്കുന്ന ഇത്തരം സാഡിസ്റ്റ് മനോഭാവമുള്ള ഉദ്യോഗസ്ഥ വൃന്ദത്തിന് കഴിഞ്ഞു. എന്‍റെ കേരളത്തിന്ന് എന്‍റെ നമോവാകം.
 

click me!