
പാലക്കാട്: വീരമൃത്യുവരിച്ച സൈനികന്‍റെ സ്മാരക നിർമാണത്തിന് സിപിഎമ്മും ബിജെപിയും തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് പഞ്ചായത്തംഗം രംഗത്ത്. പാലക്കാട് കരിമ്പുഴ ഗ്രാമപഞ്ചായത്തംഗം കെ രജിതയാണ് ലെഫ്. കേണൽ നിരഞ്ജൻ്റെ സ്മാരക നിർമാണത്തിന് തടസ്സം നിൽക്കുന്നവർക്കെതിരെ ഉപവാസ സമരവുമായി രംഗത്തെത്തിയത്.
പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ലഫ്. കേണൽ നിരഞ്ജൻ കുമാറിൻ്റെ പ്രതിമ, റോഡിന് ഇരുവശത്തും ഇൻറ൪ലോക്കിടൽ, കൈവരി സ്ഥാപിക്കൽ, ആധുനിക സംവിധാനത്തോടെയുള്ള ബസ് കാത്തിരിപ്പു കേന്ദ്രം-ഇങ്ങനെ നിരഞ്ജൻ്റെ സ്മരണ നിലനി൪ത്താനുള്ള സമഗ്ര പദ്ധതിയാണ് പഞ്ചായത്ത് തയാറാക്കിയത്. പ്ലാൻ ഫണ്ടിൽ നിന്ന് 23 ലക്ഷം അനുവദിക്കുകയും ചെയ്തു. പണി തുടങ്ങുന്നതിന് മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും കൊടിമരം മാറ്റാമെന്നായിരുന്നു തീരുമാനം. കോൺഗ്രസും മുസ്ലിം ലീഗും കൊടിമരം മാറ്റി. എന്നാൽ സ്മാരകം പണിയേണ്ടിടത്ത് സ്ഥാപിച്ച കൊടിമരം മാറ്റാനാവില്ലെന്നാണ് സിപിഎമ്മിൻറെയും ബിജെപിയുടെയും നിലപാട്.
പഞ്ചായത്തംഗത്തിന്റെ ഉപവാസ സമരത്തിന് പിന്നാലെ ഇന്നലെ വീണ്ടും സർവകക്ഷി യോഗം ചേർന്നു. കൊടിമരം മാറ്റാതെ സ്മാരകം പണിതാൽ മതിയെന്ന നിലപാട് സിപിഎമ്മും ബിജെപിയും യോഗത്തിൽ ആവർത്തിച്ചു. ഇതോടെ പൊതുസ്ഥലത്തെ അനധികൃത കൊടിമരം മാറ്റാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ നേരിട്ട് നീക്കം ചെയ്ത് സ്മാരകം പണിയാനാണ് പഞ്ചായത്തിൻറെ തീരുമാനം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam