
കൊല്ലം: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 72പേരെ കൊല്ലത്ത് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര നെടുവത്തൂര്‍ പഞ്ചായത്തില്‍ നിയമം ലംഘിച്ച് യോഗം ചേര്‍ന്ന പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ 143 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 91 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
കൊല്ലം നഗരത്തിലെ എല്ലാ റോഡിലും അതിരാവിലെ മുതല്‍ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പ്രധാനപ്പെട്ട കവലകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. നിരത്തിലറിങ്ങിയ വാഹനങ്ങളെയും കാല്‍നട യാത്രക്കാരേയും പൊലീസ് പരിശോധിച്ചു. ചിലര്‍ സത്യവാങ്മൂലം കയ്യില്‍ കരുതിയിരുന്നു. പരിശോധനകള്‍ക്കുശേഷം അവശ്യ സര്‍വീസ്, ആവശ്യ സാധനങ്ങൾ വാങ്ങാനെത്തുന്നവര്‍, ആശുപത്രി ആവശ്യം, ഓഫീസ് ഡ്യൂട്ടി എന്നിവ ഒഴിച്ചുള്ളവരെ എല്ലാം തിരിച്ചയച്ചു.
മല്‍സ്യലേലം നിര്‍ത്തിയതിനാല്‍ തുറമുഖങ്ങൾ വിജനമാണ്. മല്‍സ്യബന്ധനം നടത്തേണ്ടതില്ലെന്ന് ബോട്ടുടമകളും തീരുമാനമെടുത്തിട്ടുണ്ട്. വാങ്ങാനാളില്ലാത്തതിനാല്‍ മല്‍സ്യങ്ങൾ കടലില്‍ തള്ളുന്ന സ്ഥിതിയും ഇന്നലെ ഉണ്ടായി. അവശ്യ സര്‍വീസിനായുള്ള സര്‍ക്കാര്‍ ഓഫീസുകൾ തുറന്നിട്ടുണ്ട്. നിയമം ലംഘിച്ച് സംഘം ചേര്‍ന്നാലും ഒരാവശ്യവുമില്ലാതെ വാഹനവുമെടുത്ത് പുറത്തിറങ്ങിയാലും രണ്ട് വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടുന്നതരത്തില്‍ കേസെടുക്കുമെന്ന് ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്.