പാനൂർ ബോംബ് നിർമാണം; രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌

Published : Apr 10, 2024, 07:00 AM IST
പാനൂർ ബോംബ് നിർമാണം; രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ട്‌

Synopsis

ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചുവെന്നും  റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

കണ്ണൂര്‍: പാനൂരിലെ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണെന്ന് റിമാൻഡ് റിപ്പോർട്ട്‌. ബോംബ് നിർമാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടില്‍ പൊലീസ് പറയുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. അമൽ ബാബു ബോംബുകൾ ഒളിപ്പിച്ചു. മണൽ കൊണ്ടിട്ട് തെളിവ് നശിപ്പിക്കാനും പ്രതികൾ ശ്രമിച്ചുവെന്നും കൂടുതൽ പേർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പൊലീസ് റിമാൻഡ് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രീയ വിവാദങ്ങളും പൊട്ടിത്തെറിച്ച പാനൂർ കേസിൽ നേരിട്ട് പങ്കാളിത്തമുള്ളവരെല്ലാം ഇതിനോടകം പൊലീസിന്‍റെ പിടിയിലായി. പന്ത്രണ്ട് പ്രതികളിൽ ഒരാൾ മരിച്ചു. മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മുഖ്യ ആസൂത്രകനായ ഷിജാൽ, അക്ഷയ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോകാൻ ഇവർക്ക് കൂടുതൽ പേരുടെ സഹായം കിട്ടിയെന്നാണ് നിഗമനം. ഉദുമൽപേട്ടയിലാണ് ഷിജാലുണ്ടായിരുന്നത്. ബോംബ് നിർമാണത്തിനുള്ള വസ്തുക്കൾ ഇവർക്ക് എത്തിച്ചുനൽകിയത് ആരെന്നും സ്റ്റീൽ ബോംബുണ്ടാക്കാൻ പരിശീലനം എവിടുന്ന് കിട്ടിയെന്നും അന്വേഷിക്കുന്നുണ്ട്.

രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ പകയാണ് ബോംബ് നിർമാണത്തിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തൽ. സിപിഎം ആർഎസ്എസ് അനുഭാവികളാണ് ഇരുസംഘത്തിലുമെങ്കിലും ഇവർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ട് പ്രതികള്‍ ബോംബ് നിർമിച്ചത് എന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ സൂചന നല്‍ക്കുന്നത്. 

അതേസമയം, പ്രതികളിൽ നിരവധി ക്രിമിനൽ കേസുകൾ ഉളളവർക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് ശുപാർശ നൽകിയേക്കും. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ ഭാരവാഹികൾക്കെതിരെ കുറ്റം തെളിഞ്ഞാൽ മാത്രം നടപടിയെന്നാണ് സംഘടനയുടെ നിലപാട്. യൂണിറ്റ് ഭാരവാഹികളുണ്ടെന്ന് സംസ്ഥാന, ജില്ലാ നേതാക്കൾ സ്ഥിരീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വം ഇപ്പോഴും അംഗീകരിച്ചിട്ടില്ല.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം