പാനൂര്‍ ബോംബ് സ്ഫോടനം; 'പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത', പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Published : Apr 10, 2024, 01:36 PM ISTUpdated : Apr 10, 2024, 02:52 PM IST
പാനൂര്‍ ബോംബ് സ്ഫോടനം; 'പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യത', പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ്

Synopsis

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകിയാൽ സംഘർഷ സാധ്യതയുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്

കണ്ണൂര്‍: പാനൂരിലെ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാനൂർ ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലക്ഷ്യമിട്ടെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ്,ഏഴ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകരായ സായൂജ്,അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ബോംബ് നിർമാണം രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാൻ കൂടി ലക്ഷ്യമിട്ടെന്ന വിവരമുളളത്. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. സ്ഫോടനമുണ്ടായശേഷം സ്ഥലത്തുണ്ടായിരുന്ന ബോംബുകൾ ഒളിപ്പിച്ചു.മറ്റ് പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ പക്ഷേ, എതിരാളികൾക്ക് നേരെ പ്രയോഗിക്കാൻ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്.കുയിമ്പിൽ ക്ഷേത്ര പരിസരത്ത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെയാണ് ബോംബ് നിർമാണമെന്ന് പൊലീസ് ആവർത്തിക്കുന്നു. സിപിഎം ബിജെപി അനുഭാവികളാണ് സംഘത്തിലുണ്ടായിരുന്നത്.

ഇവർക്ക് രാഷ്ട്രീയ പിന്തുണ കിട്ടിയോ എന്നറിയാൻ കൂടുതൽ അന്വേഷണം വേണം.ബോംബ് നിർമാണം മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. സന്നദ്ധ പ്രവർത്തനത്തിന് പോയതെന്ന് എംവി ഗോവിന്ദൻ പറഞ്ഞ അമൽ ബാബുവാണ് ബോംബുകൾ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത്. ഷിജാൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. കൊല്ലപ്പെട്ട ഷെറിൽ ഉൾപ്പെടെ നാല് പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് പൊലീസ് ആവശ്യം. പ്രദേശവാസികളുടെ സ്വൈര്യജീവിതത്തിന് തടസ്സം വരുത്താൻ ഇടയുണ്ട്. മുൻകാലങ്ങളിൽ രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ പ്രദേശത്ത് വീണ്ടും സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പാനൂർ ബോംബ് നിർമാണ കേസ്: അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയെന്ന് പൊലീസ്

 

PREV
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം