'മുഹ്സിന് പണികൊടുക്കണം', പാനൂര്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന വാട്സാപ്പിലൂടെ, ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി

By Web TeamFirst Published Apr 9, 2021, 2:38 PM IST
Highlights

കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിന് പണികൊടുക്കണമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വാട്സാപ്പിലുണ്ട്. കൊലപാതകത്തിനായുള്ള ആയുധങ്ങള്‍ ശേഖരിച്ചത് വാട്സാപ്പ് മെസേജിലൂടെയെന്നാണ് നിഗമനം.

കണ്ണൂര്‍: പാനൂരിലെ ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിനായി അക്രമികള്‍ ഗൂഢാലോചന നടത്തിയത് വാട്സാപ്പിലൂടെ. റിമാൻഡിലായ പ്രതി ഷിനോസിന്‍റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ പൊലീസിന് കിട്ടിയത്. കൊലപാതകം നടന്ന സമയത്ത് നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ച ഷിനോസിന്‍റെ മൊബൈൽ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഗൂഢാലോചന തെളിയിക്കുന്ന നിർണായക വിവരങ്ങൾ കിട്ടിയത്. 

കൊല്ലപ്പെട്ട മൻസൂറിന്‍റെ സഹോദരൻ മുഹ്സിനെ ആക്രമിക്കാമെന്ന തരത്തിലുള്ള വാട്സാപ്പ് സന്ദേശങ്ങൾ ഫോണിലുണ്ടായിരുന്നു. ബോംബും വടിവാളുകളും ശേഖരിച്ചതും വാട്സാപ്പ് വഴിയെന്നാണ് പൊലീസിന്‍റെ നിഗമനം. ഫോണിൽ നിന്ന് നീക്കം ചെയ്ത മെസേജുകൾ തിരിച്ചെടുക്കാനായി സൈബ‍ർ സെല്ലിന് കൈമാറി. കേസിലെ മുഖ്യപ്രതികളായ സുഹൈലിനെയും ശ്രീരാഗിനെയും ഈ ഫോണിൽ നിന്ന് വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 

ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തെ രണ്ടായി തിരിച്ചു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇസ്മായിലിന്‍റെ നേതൃത്വത്തിലുള്ള സംഘം ചൊക്ലി സ്റ്റേഷനിൽ യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. പ്രദേശവാസികളായ സിപിഎം പ്രവർത്തകർ ഡിവൈഎഫ്ഐ നേതാവ് കെ സുഹൈലിന്‍റെ നേതൃത്വത്തിലാണ് തന്നെയും അനുജനെയും ആക്രമിച്ചതെന്ന് മുഹ്സിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!