
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസ് എന്‍ഐഎയില്‍ നിന്ന് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തക കെ.അജിത സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. എന്‍ഐഎ നിയമത്തിലെ 7(ബി) വകുപ്പ് പ്രകാരം എന്‍ഐഎ അന്വേഷണം നടക്കുന്ന ഒരു കേസ് സംസ്ഥാന സര്‍ക്കാരിന് കൈമാറാനാകും.
ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് അജിത ആവശ്യപ്പെട്ടു. അലനും താഹയ്ക്കുമെതിരെ കാര്യമായ തെളിവുകളൊന്നും ഇല്ലാതിരുന്നിട്ടും ഇരുവരും മാവോയിസ്റ്റുകളെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് ശരിയായില്ലെന്നും യെച്ചൂരിക്കയച്ച കത്തില്‍ അജിത വ്യക്തമാക്കുന്നു.
പന്തീരങ്കാവിൽ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് അറസ്റ്റിലായി യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇരുവരുംസിപിഎം പ്രവർത്തകരല്ലെന്നും അവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നവംബർ രണ്ടിനാണ് പൊലീസ് കോഴിക്കോട്ട് നിന്ന് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്തത്. എന്നാല്‍ തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസിൽ കുടുക്കിയെന്നാണ് പ്രതികള്‍ ആരോപിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam