
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ത്വാഹ ഫസലിന്‍റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. കേസിലെ മറ്റൊരു പ്രതി അലൻ ഷുഹൈബിന് ജാമ്യം നൽകിയ നടപടി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. ഇരുവരുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഇടപെടൽ. ഒരു വർഷത്തിനകം കേസിൽ വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
തെളിവുകളിലും അനുബന്ധ വസ്തുതകളിലും പരിശോധനയില്ലാതെയാണ് അലന്‍ ഷുഹൈബിനും ത്വാഹ ഫസലിനും കീഴ്ക്കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടികാട്ടി എന്‍ഐഎ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ്. ത്വാഹ ഫസലിന്‍റെ വീട്ടിൽ നിന്നടക്കം റെയ്ഡിൽ പിടിച്ചെടുത്ത രേഖകളും അനുബന്ധതെളിവുകളും ഗൗരവമമുള്ളതാണ്. കശ്മീരിനെ പ്രത്യേക രാജ്യമായി ചിത്രീകരിക്കുന്ന ഭൂപടവും, മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യങ്ങളുമെല്ലാം തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ ത്വാഹയ്ക്കെതിരെ യുഎപിഎ പ്രകാരം ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് വ്യ്കതമാക്കിയാണ് ജാമ്യം റദ്ദാക്കിയത്.
വിചാരണക്കോടതിയില്‍ ഹാജരാകാണമെന്നും ത്വാഹയ്ക്ക് നിർദ്ദേശം നല്‍കി. എന്നാല്‍ അലന്‍ ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത മാവോയിസ്റ്റ് ലഘുലേഖകളും അനുബന്ധ തെളിവുകളും യുഎപിഎ ചുമത്താന്‍ പര്യാപ്തമല്ലെന്ന് വിലയിരുത്തിയ കോടതി, അലന് വിചാരണ തീരും വരെ ജാമ്യത്തില്‍ തുടരാമെന്നും വ്യക്തമാക്കി. അലന്‍റെ പ്രായവും ആരോഗ്യസ്ഥിതിയും കോടതിയും കണക്കിലെടുത്തു. പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അന്വേഷണം കാര്യക്ഷമമല്ലെന്നും യുഎപിഎ നിലനിർത്താൻ ആവശ്യമായ തെളിവില്ലെന്നുമുള്ള വിചാരണക്കോടതി വിലയിരുത്തലിനെയും ഹൈക്കോടതി തള്ളി. വിചാരണ കോടതി ഒരുപടി മുന്നിൽ കടന്നെന്ന് കോടതി നിരീക്ഷിച്ചു.
കേസിൽ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും ജസ്റ്റിസുമാരായ എ ഹരിപ്രസാദും കെ ഹരിപാലുമടങ്ങിയ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. 2019 നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും സ്വാഹയെയും പന്തീരാങ്കാവ് പോലീസ് മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പത്ത് മാസത്തെ ജയിൽ വാസത്തിന് ശേഷമാണ് എൻഐഎ കോടതി ഉപാധികളോടെ ഇരുവർക്കും ജാമ്യം അനുവദിച്ചത്.